ലഖ്‌നൗ- അനുമതിയില്ലാതെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ പോയ പ്രതിപക്ഷ നേതാക്കള്‍ക്ക് ബി.എസ്.പി അധ്യക്ഷ മായാവതിയുടെ വിമര്‍ശം. കശ്മീര്‍ സന്ദര്‍ശനം ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ ഒന്നുകൂടി ആലോചിക്കേണ്ടിയിരുന്നുവെന്ന് അവര്‍ ട്വീറ്റ് ചെയ്തു. ഇത് കേന്ദ്രസര്‍ക്കാരിന് രാഷ്ട്രീയം കളിക്കാനുള്ള അവസരമൊരുക്കുക മാത്രമാണ് ചെയ്തത്.
ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും മുന്‍തൂക്കം നല്‍കിയതിനാലാണ് തന്റെ പാര്‍ട്ടിയുടെ മാര്‍ഗദര്‍ശി അംബേദ്കര്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന അനുഛേദം 370 നെ എതിര്‍ത്തിരുന്നതെന്ന് അവര്‍ അവകാശപ്പെട്ടു. ഇക്കാരണത്താലാണ് അനുഛേദം 370നെ റദ്ദാക്കുന്നതിനെ ബി.എസ്.പി പിന്തുണച്ചതെന്നും അവര്‍ പറഞ്ഞു.
ജമ്മു കശ്മീരില്‍ സാധാരണനില കൈവരുന്നതിന് സമയമെടുക്കുമെന്നും അതിനുവേണ്ടി കാത്തിരിക്കണമെന്നും അവര്‍ പറഞ്ഞു. അനുഛേദം റദ്ദാക്കാന്‍ 69 വര്‍ഷമെടുത്തുവെന്നും കശ്മീരില്‍ കേന്ദ്ര സര്‍ക്കാരിന് സമയം നല്‍കണമെന്ന സുപ്രീം കോടതി നിരീക്ഷണം കണക്കിലെടുക്കണമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
കശ്മീരിലെ യഥാര്‍ഥ സ്ഥിതി മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ശനിയാഴ്ച ശ്രീനഗറിലെത്തിയെങ്കിലും അധികൃതര്‍ തിരിച്ചയച്ചിരുന്നു.