ന്യൂയോര്‍ക്ക്- ബഹിരാകാശത്തു നടന്ന ആദ്യ കുറ്റകൃത്യം യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ അന്വേഷിക്കുന്നു. ബഹിരാകാശത്തുള്ള ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലിരുന്ന് യുഎസ് ബഹിരാകാശ യാത്രിക ആനി മക്ലൈന്‍ തന്റെ ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ കയറി സ്വകാര്യ പണമിടപാടുകളുടെ വിവരങ്ങള്‍ പരിശോധിച്ചുവെന്നാണ് പരാതി. ബഹിരാകാശത്ത് ആറു മാസം നീണ്ടു നിന്ന രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിലെ ആറാം ദൗത്യത്തിനിടെയായിരുന്നു ഇതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ആനി മക്ലൈനും ഭര്‍ത്താവ് സമ്മര്‍ വോഡനും വേര്‍പ്പിരിഞ്ഞു കഴിയുകയാണ്. ഇതിനിടെയാണ് സംഭവം. അനുമതി ഇല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് പരിശോധിച്ചെന്നു ചൂണ്ടിക്കാട്ടി മക്ലൈനെതിരെ ഫെഡറല്‍ ട്രേഡ് കമ്മീഷന് മാസങ്ങള്‍ക്ക് മുമ്പ് സമ്മര്‍ വോഡന്‍ പരാതി നല്‍കിയിരുന്നു. മറ്റൊരു പരാതി ഇവരുടെ കുടുംബം നാസയ്ക്കും നല്‍കിയിരുന്നു.
ബഹിരാകാശത്തിരുന്ന് സമര്‍ വോഡന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവെന്ന് ആനി മക്ലൈന്‍ സമ്മതിച്ചതായും ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ടില്‍ പറയുന്നു. ഇരുവര്‍ക്കും പങ്കുള്ള പണമിടപാടുകള്‍ നോക്കുക മാത്രമെ ചെയ്തിട്ടുള്ളൂവെന്നാണ് ആനി മക്ലൈനിന്റെ അഭിഭാഷന്‍ പറയുന്നത്. നാസയുടെ അന്വേഷണ സംഘം ആനി മക്ലൈനേയും സമര്‍ വോഡനേയും ബന്ധപ്പെട്ടിട്ടുണ്ട്.
വനിതകള്‍ മാത്രമടങ്ങുന്ന ബഹിരാകാശ നടത്തത്തിന് നാസ തെരഞ്ഞെടുത്ത സംഘത്തിലെ അംഗമാണ് ആനി മക്ലൈന്‍. എന്നാല്‍ ഭൂമിയിലെ ഇവരുടെ കുടുംബ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ബഹിരാകാശത്ത് എത്തിയിരിക്കുകയാണ്.