ബ്രിട്ടൻ- ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ബ്രിട്ടന്റെ മൂന്നാമത് യുദ്ധകപ്പൽ കൂടി ഗൾഫ് മേഖലയെ ലക്ഷ്യമാക്കി പുറപ്പെട്ടു. ബ്രിട്ടൻ റോയൽ നേവിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ രണ്ടു കപ്പൽ ഗൾഫ് സമുദ്രത്തിൽ നങ്കൂരമിട്ടിരിക്കെയാണ് മൂന്നാമതൊരു കപ്പൽ കൂടി ബ്രിട്ടൻ മേഖലയിലേക്കയച്ചത്. ഇറാനുമായുള്ള സംഘർഷം തുടരുന്നതിടെ മേഖലയിൽ കൂടി കടന്നു പോകുന്ന കപ്പലുകൾക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് മൂന്നാമതൊരു യുദ്ധ കപ്പൽ കൂടി മേഖലയിലേക്ക് നീങ്ങുന്നതെന്നാണ് നൽകുന്ന വിശദീകരണം. ഭീഷണിയായ ചുമന്ന മേഖല എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം കപ്പൽ സഞ്ചാരങ്ങളുടെ സുഗമമായ യാത്രക്ക് തങ്ങൾ സഹായികളായുണ്ടാകുമെന്നു ബ്രിട്ടൻ പ്രതിരോധ സിക്രട്ടറി ബെൻ വല്ലസ് പറഞ്ഞു. നിലവിൽ ബ്രിട്ടന്റെ എച്ച് എം എസ് കെന്റ്, എച്ച് എം എസ് മോൺട്രോസ് എന്നീ കപ്പലുകൾ ബഹ്‌റൈൻ തീരത്ത് നങ്കൂരമിട്ടിട്ടുണ്ട്. ഇതിനു പുറമെയാണ് എച്ച് എം എസ് ഡിഫൻഡർ മേഖലയിലേക്ക് നീങ്ങുന്നത്.