ന്യൂദൽഹി- ജമ്മുകശ്മീർ എം.എൽ.എയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ സി.പി.എം ഹേബിയസ് കോർപ്പസ് ഹരജി നൽകി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകിയത്. ഇക്കഴിഞ്ഞ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കി ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രനടപടിയ്ക്കു പിന്നാലെ വീട്ടുതടങ്കലിലാണ് തരിഗാമി. തരിഗാമിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. തരിഗാമിയെ കാണാനായി ഈമാസം ആദ്യം യെച്ചൂരി ശ്രീനഗറിലേക്ക് പോയിരുന്നു. എന്നാൽ യെച്ചൂരിയെ പോലീസ് അതിന് അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു.