ന്യൂദൽഹി- മുൻ കേന്ദ്ര ധനകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായി അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ദൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1998-2004 കാലയളവിൽ വാജ്‌പെയി മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രി പദവിയും വഹിച്ചു. 2014 മേയിൽ മോഡി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റു. ദൽഹി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എ.ബി.വി.പി.യിലൂടെ രാഷ്ട്രീയരംഗത്തേക്ക് വന്ന ജെയ്റ്റ്‌ലി അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിരുന്നു. 73ൽ അഴിമതിക്കെതിരെ തുടങ്ങിയ ജെ.പി. പ്രസ്ഥാനത്തിൽ നേതാവായിരുന്നു. അഭിഭാഷകനായി സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു. 1989ൽ വി.പി.സിങ്ങിന്റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയി. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ എഴുതി. 1991 മുതൽ ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗമായിരുന്നു. വാജ്‌പേയി മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ്സിന്റെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനോട് പരാജയപ്പെട്ടു. എങ്കിലും മോഡി സർക്കാറിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. ഭാര്യ: സംഗീത ജെയ്റ്റ്‌ലി. മക്കൾ: റോഹൻ, സൊണാലി.