മുംബൈ- മഹാരാഷ്‌ട്രയിൽ നാല് നില കെട്ടിടം തകർന്നു രണ്ടു പേർ മരിച്ചു. നിരവധി പേർ കെട്ടിടത്തിനകത്ത് കുടുങ്ങി കിടക്കുന്നുണ്ട്. അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. താനെ ജില്ലയിലെ ഭീവണ്ടിയിലെ ശാന്തി നഗറിലെ അനധികൃത കെട്ടിടമാണ് തകർന്നു വീണത്. കെട്ടിടത്തിലകപ്പെട്ട 24 കുടുംബങ്ങളെ സ്ഥലത്തെത്തിയ രക്ഷാ സേന രക്ഷപ്പെടുത്തിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. എന്നാൽ, കെട്ടിടത്തിനകത്ത് കുടുങ്ങി കിടക്കുന്നവരെ കുറിച്ച് വ്യക്തമായ കണക്കുകളില്ല. കെട്ടിടം അടർന്നു വീഴാനായെന്ന അടിയന്തിര സന്ദേശത്തെ തുടർന്ന് സ്ഥലത്തെത്തിയ രക്ഷാ വിഭാഗമാണ് കുടുംബങ്ങളെ രക്ഷപെടുത്തിയത്. സ്ഥലത്തെത്തിയപ്പോൾ കെട്ടിടം ഇപ്പോൾ വീഴുമെന്ന അവസ്ഥയിലായിരുന്നുവെന്നും കെട്ടിടത്തിന്റെ ഉള്ളിൽ നിന്നും ഏതാനും പേരെ രക്ഷപ്പെടുത്തിയെന്നും ഇതിനിടെ ഏതാനും പേർ അനുവാദം തേടും മുമ്പ് തങ്ങളുടെ സാധനങ്ങൾ എടുക്കാനായി കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ചെന്നും ഉടൻ തന്നെ കെട്ടിടം തകർന്നു വീഴുകയായിരുന്നുവെന്നും ഭീവണ്ടി നിസാംപൂർ മുനിസിപ്പൽ കോർപറേഷൻ കമ്മീഷണർ അശോക് റൻകാമ്പ് പറഞ്ഞു. എട്ടു വർഷം പഴക്കമുള്ള അനധികൃത കെട്ടിടമാണ് തകർന്നു വീണത്. രക്ഷാ പ്രവർത്തനം തുടരുകയാണ്.