ആദ്യ ഖുതുബ നിർവഹിച്ചത് മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ
റിയാദ് - സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ മസ്ജിദ് ചെച്‌നിയൻ തലസ്ഥാന നഗരിയായ ഗ്രോസ്‌നിക്കു സമീപം ഷാലി നഗരത്തിൽ ഉദ്ഘാടനം ചെയ്തു. ചെച്‌നിയൻ പ്രസിഡന്റ് റമദാൻ അഹ്മദ് ഖദീറോവാണ് മസ്ജിദ് ഉദ്ഘാടനം ചെയ്തത്. യൂറോപ്പിലെ ഏറ്റവും വലുതും ഏറ്റവും മനോഹരവുമായ മസ്ജിദ് ആണിതെന്ന് ചെച്‌നിയൻ അധികൃതർ വിശേഷിപ്പിക്കുന്നു. മസ്ജിദിൽ നടന്ന പ്രഥമ ജുമുഅ നമസ്‌കാരത്തിൽ മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ശൈഖ് ഡോ. മുഹമ്മദ് അൽഈസ ആദ്യ ഖുതുബ നിർവഹിച്ചു. സൗദി ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അടക്കം നിരവധി രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും പ്രതിനിധികളും പണ്ഡിതരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ജുമുഅ നമസ്‌കാരത്തിനു ശേഷം നടന്ന ഉദ്ഘാടന ചടങ്ങിന്റെ സമാപനത്തിലും ശൈഖ് ഡോ. മുഹമ്മദ് അൽഈസ പ്രസംഗിച്ചു. ഇന്ത്യയിൽനിന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്്‌ലിയാർ ചടങ്ങിൽ പങ്കെടുത്തു.
ആധുനിക ഇസ്‌ലാമിക് വാസ്തുശിൽപകലയുടെ മാസ്റ്റർപീസ് ആയ മസ്ജിദ് ഉസ്‌ബെക്കിസ്ഥാൻ ആർക്കിടെക്ട് അബ്ദുൽഖഹാർ തറാദൈവ് ആണ് രൂപകൽപന ചെയ്തത്. ആഗോള തലത്തിൽ മത്സരം സംഘടിപ്പിച്ചാണ് മസിജിദിന് ഏറ്റവും മികച്ച രൂപകൽപന തെരഞ്ഞെടുത്തത്. 2012 ഡിസംബർ രണ്ടിനായിരുന്നു മസ്ജിദിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. ഇരു നിലകളിലായി ചതുരാകൃതിയിൽ നിർമിച്ച മസ്ജിദിന്റെ ഓരോ മൂലകളിലുമുള്ള മിനാരങ്ങൾക്ക് 63 മീറ്റർ വീതം ഉയരമുണ്ട്. മസ്ജിദിന്റെ ഉയരം 11.45 മീറ്ററാണ്. എന്നാൽ പ്രധാന ഖുബ്ബക്ക് 41 മീറ്റർ ഉയരമുണ്ട്. ഇതിന്റെ വ്യാസം 23 മീറ്ററാണ്. മസ്ജിദ് നിർമാണത്തിന് ഗ്രീസിൽ നിന്നുള്ള 6,500 ലേറെ ടൺ മുന്തിയ വെള്ള മാർബിൾ ഉപയോഗിച്ചിരിക്കുന്നു. മസ്ജിദിനകത്തെ അലങ്കാര പണികൾ ചെയ്തിരിക്കുന്നത് ഉസ്‌ബെക്കിസ്ഥാനിൽ നിന്നുള്ള കലാകാരന്മാരാണ്. പ്രത്യേക ശിൽപശാല സംഘടിപ്പിച്ചാണ് മസ്ജിദിനകത്തെ അലങ്കാര പണികൾക്ക് രൂപംനൽകിയത്.
പള്ളിക്കകത്ത് 430 ബഹുശാഖാദീപങ്ങളുണ്ട്. ഇവയുടെ ആകെ തൂക്കം 18.35 ടൺ ആണ്. മസ്ജിദിനു വേണ്ടി തുർക്കി കമ്പനി പ്രത്യേകം രൂപകൽപന ചെയ്ത് നിർമിച്ചതാണ് ഇവ. പ്രധാന ഖുബ്ബയിൽ തൂക്കിയ ബഹുശാഖാദീപത്തിന് രണ്ടര ടൺ ഭാരവും 7.8 മീറ്റർ ഉയരവുമുണ്ട്. ന്യൂസിലാന്റ് കമ്പിളി ഉപയോഗിച്ച് തുർക്കി കമ്പനി നിർമിച്ച 8,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കാർപെറ്റ് ആണ് മസ്ജിദിൽ വിരിച്ചിരിക്കുന്നത്. നീല വൈഡൂര്യ നിറത്തിലുള്ള കാർപെറ്റുകളിൽ ടുലിപ് പൂക്കളുടെ ചിത്രങ്ങളോടെ ചെച്‌നിയൻ അലങ്കാര പണികൾ ചെയ്തിട്ടുണ്ട്.
മസ്ജിദിനകത്ത് ഇരുപതിനായിരം പേർക്കും പുറത്ത് ഒരു ലക്ഷം പേർക്കും ഒരേ സമയം നമസ്‌കാരം നിർവഹിക്കുന്നതിന് സാധിക്കും. മസ്ജിദിന്റെ നാലു ഭാഗങ്ങളിലും അംഗശുദ്ധി വരുത്തുന്നതിനുള്ള കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്. മസ്ജിദിനോട് ചേർന്ന ഹരിത പ്രദേശങ്ങൾക്ക് 15,000 ചതുരശ്രമീറ്റർ വിസ്തീർണമുണ്ട്. പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ പേരാണ് മസ്ജിദിന് നൽകിയിരിക്കുന്നത്.