ഇസ്ലാമാബാദ്- അല്‍ഖാഇദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ ഭാര്യയേയും കൊല്ലപ്പെട്ട രണ്ട് അല്‍ഖാഇദക്കാരുടെ കുടുംബങ്ങളേയും ഒരു വര്‍ഷമായി പാക്കിസ്ഥാന്‍ തടങ്കലിലാക്കിയിരിക്കയാണെന്ന് റിപ്പോര്‍ട്ട്. അല്‍ഖാഇദ തന്നെയാണ് പാക്കിസ്ഥാന്‍ സുരക്ഷാ സേനക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തുടര്‍ച്ചയായുള്ള വ്യോമക്രമണത്തെ തുടര്‍ന്ന് അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വസീറിസ്ഥാനില്‍നിന്ന് രക്ഷപ്പെടുമ്പോഴാണ് സവാഹിരിയുടെ ഭാര്യയേയും മറ്റുള്ളവരേയും പാക്കിസ്ഥാന്‍ സൈന്യം പിടികൂടിയത്. താലിബാന്‍ ശക്തികേന്ദ്രമായിരുന്ന വസീറിസ്ഥാനിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.
പാക്കിസ്ഥാന്‍ സര്‍ക്കാരും വഞ്ചകരായ പാക്കിസ്ഥാനി സൈനികരും അവരുടെ അമേരിക്കന്‍ മേലാളന്‍മാരുമാണ് ക്രിമിനല്‍ നടപടികള്‍ക്ക് പിന്നിലെന്ന് അല്‍ ഖാഇദ പ്രസ്താവനയില്‍ പറഞ്ഞു. ഒരു വര്‍ഷമായി സവാഹിരിയുടെ ഭാര്യ തങ്ങളുടെ കസ്റ്റഡിയിലാണെന്ന കാര്യം പാക്കിസ്ഥാന്‍ ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. പുതിയ വാര്‍ത്തയെ കുറിച്ചും പാക് അധികൃതരുടെ പ്രതികരണം ലഭ്യമായില്ല.
2011 ല്‍ ഉസാമ ബിന്‍ ലാദിനെ പാക്കിസ്ഥാനിലെ ആബട്ടാബാദില്‍ വെച്ച് യു.എസ് മറീനുകള്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈജിപ്തുകാരനായ അയ്മന്‍ അല്‍ സവാഹിരി അല്‍ ഖാഇദയുടെ നേതൃത്വം ഏറ്റെടുത്തത്. സവാഹിരിയും പാക്കിസ്ഥാന്‍ മേഖലയില്‍ തന്നെ ഒളിച്ചു കഴിയുന്നതായാണ് കരുതുന്നത്.