ചെന്നൈ- തമിഴ്‌നാട്ടിൽ വയോധിക രണ്ടു പതിറ്റാണ്ടായി കഴിയുന്നത് പൊതു ശൗചാലയത്തിൽ. മധുരയിൽ നിന്നാണ് ഏറെ വേദനിപ്പിക്കുന്ന വാർത്ത പുറത്ത് വരുന്നത്. ഒരു മകളുടെ അമ്മ കൂടിയായ 65 കാരി കറുപ്പയ്യിയാണ് 19 വർഷമായി ഊണും ഉറക്കവുമായി പൊതു ശൗചാലയത്തിൽ കഴിയുന്നത്. ഈ ശൗചാലയം ശുചിയാക്കുന്നതും കറുപ്പയ്യി ആണ്. പൊതു ശൗചാലയം ശുചീകരിക്കുന്നതിന് ഇവർക്ക് ദിനേന 70 മുതല്‍ 80 രൂപ വരെ ലഭിക്കുകായും ചെയ്യുന്നുണ്ട്. ഇതാണ് ഇവർക്ക് വിശപ്പടക്കാനുള്ള മാർഗ്ഗമാകുന്നത്. ഊണും ഉറക്കവുമായി കഴിയുന്ന ഇവിടെ രാത്രിയായാൽ തല ചായ്ക്കാൻ ഒരിടമായി വയോധിക ഈ പൊതു ശൗചാലയം തിരഞ്ഞെടുക്കുമ്പോഴും വാര്‍ധക്യപെന്‍ഷന്‍ പോലും കറുപ്പയ്യിക്ക് ലഭിച്ചിട്ടില്ല. പലയിടത്തും പെന്‍ഷനായി അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.
നിരവധി ഓഫീസുകളില്‍ കയറിയിറങ്ങുകയും കളക്ടറെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ഫലവും ഉണ്ടായില്ല. വേറൊരു വരുമാനവും ഇല്ലെന്നും കറുപ്പയ്യി പറഞ്ഞു. ഇവിടെത്തന്നെയാണ് താമസം. ഒരു മകളുണ്ടെങ്കിലും തന്നെ കാണാന്‍പോലും വരില്ലെന്നും കറുപ്പയ്യി പറഞ്ഞു. കറുപ്പയ്യിയുടെ വാര്‍ത്ത പുറത്തു വന്നതോടെ നിരവധി പേരാണ് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.