ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിയും. മോഡിയെ ക്രൂരനായി ചിത്രീകരിക്കുന്നത് പ്രതിപക്ഷത്തിന് ദോഷകരമാകുമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മനു അഭിഷേക് സിംഗ്വി. 'പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ക്രൂരനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും വ്യക്താധിഷ്ഠിതമായല്ല, പ്രശ്‌നാധിഷ്ഠിതമായാണ്' അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തേണ്ടതെന്നും സിംഗ്വി പറഞ്ഞു.
'മോഡിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്ന് ഞാൻ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി മാത്രമല്ല, ഒരുമിച്ചുള്ള എതിർക്കൽ അദ്ദേഹത്തിന് ഗുണം ചെയ്യുകയാണ് ചെയ്യുക. നല്ല പ്രവൃത്തികളും മോശം പ്രവൃത്തികളും പ്രശാനിധിഷ്ഠിതമായി വിലയിരുത്തണം. വ്യക്ത്യാധിഷ്ഠിതമാകരുത്. നല്ല പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് ഉജ്ജ്വല പദ്ധതി.' ജയറാം രമേശിനെ ടാഗ് ചെയ്തുളള ട്വീറ്റിൽ സിംഗ്്‌വി പറഞ്ഞു.
വ്യാഴാഴ്ചയായിരുന്നു മോഡിയെ പിന്തുണച്ച് ജയറാം രമേശ് രംഗത്തുവന്നത്. ' 2014നും 2019നും ഇടയിൽ പ്രധാനമന്ത്രി മോഡി നടത്തിയ പ്രവർത്തനങ്ങളാണ് 30%ത്തിലേറെ വോട്ടു നേടി അധികാരത്തിൽ തുടരാൻ സഹായകരമായത്. അത് പരിഗണിക്കേണ്ട സമയമാണിത്.' എന്നായിരുന്നു ജയറാം രമേശിന്റെ വാക്കുകൾ.