ന്യൂദല്‍ഹി- കഴിഞ്ഞ 70 വര്‍ഷത്തിനിടെ അഭിമുഖീകരിക്കാത്ത സാഹചര്യമാണ് രാജ്യം ഇപ്പോള്‍ നേരിടുന്നതെന്നും അസാധരണ നടപടികള്‍ വേണ്ടി വരുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. രാജ്യത്ത് വലിയ സാമ്പത്തിക മാന്ദ്യമുണ്ടെന്ന വിവിധ റിപ്പോര്‍ട്ടുകള്‍ നീതി ആയോഗും സമ്മതിച്ചിരിക്കയാണ്.
സാമ്പത്തിക മേഖലയില്‍ പണലഭ്യതയുടെ പ്രശ്‌നമുണ്ട്. ആരു ആരേയും വിശ്വസിക്കുന്നില്ല. സമ്പദ്വ്യവസ്ഥയിലെ സ്വകാര്യ നിക്ഷേപം ദുര്‍ബലമാണ്. 70 വര്‍ഷത്തിനിടെ അഭിമുഖീകരിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ നേരിടുന്നത്. സാമ്പത്തിക മേഖല മുഴുവനും പ്രതിസന്ധിയിലാണ്. അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ നടപടികള്‍ സ്വീകരിക്കേണ്ടി വന്നേക്കാം. സ്വകാര്യമേഖലയുടെ അവിശ്വാസം മാറ്റിയെടുക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം- രാജീവ് കുമാര്‍ പറഞ്ഞു. എല്ലാവരും പണത്തിനുമേല്‍ അടയിരിക്കുകയാണെന്നും സമ്പദ്വ്യവസ്ഥ മുന്നോട്ട് ചലിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.