ശ്രീനഗർ- ഫേസ്‌ബുക്ക് ഉപയോഗപ്പെടുത്തി സുഹൃത്തിന്റെ പേരിൽ വ്യാജ അകൗണ്ട് നിർമ്മിച്ച് അപകീർത്തിപ്പെടുത്തിയ കേസിൽ വിദ്യാർത്ഥിനി പിടിയിൽ. ജമ്മു ജില്ലയിലാണ് വ്യാഴാഴ്ച്ച വിദ്യാർത്ഥിനിയെ പിടികൂടിയത്. വ്യാജ ഫേസ്‌ബുക്ക് ഐ ഡി നിർമ്മിച്ച് അജ്ഞാതൻ വളരെ മോശമായ മെസേജുകളും പോസ്‌റ്റുകളും അയക്കുന്നതായി കാണിച്ച് വിദ്യാർത്ഥിനി നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് സഹപാഠി കൂടിയായ വിദ്യാർത്ഥിനി പിടിയിലായത്. വ്യാജ അകൗണ്ടിലൂടെ വിദ്യാർത്ഥിനിയുടെ കാമുകന് അശ്‌ളീല ചുവയുള്ള മെസേജുകളും വീഡിയോകളും അയക്കുകയായിരുന്നു. ഇതേ തുടർന്നാണ് സൈബർ സഹായത്തോടെ പോലീസ് അന്വേഷണത്തിനൊടുവിൽ കൂട്ടുകാരി പിടിയിലായത്.
രണ്ടു മാസം മുമ്പാണ് വിദ്യാർത്ഥിനി ഇയാളുമായി സ്‌നേഹത്തിലായത്. ഇതിനിടെയാണ് വിദ്യാർത്ഥിനിയുടെ കൂട്ടുകാരി നാടകവുമായി രംഗത്തെത്തിയത്. സംഭവത്തിൽ വിദ്യാർത്ഥിനിയെ അറസ്‌റ്റ് ചെയ്‌ത പോലീസ് വിശദമായ അന്വേഷണം നടത്തുകയാണെന്ന് ജമ്മു ജില്ലാ പോലിസ് അറിയിച്ചു.