വിളിച്ചു വരുത്തിയത് ഒരു സ്ത്രീ, ഹാജരാക്കിയത് മോഷ്ടിച്ച ചെക്കാകാം എന്നും തുഷാര്‍ മാധ്യമങ്ങളോട്.
ദുബായ്- പണം തട്ടിയെടുക്കാന്‍ വേണ്ടി തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല ആസൂത്രിതമായി ഒരുക്കിയ കെണിയില്‍ താന്‍ കുടുങ്ങുകയായിരുന്നെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റിന് പിന്നില്‍ ാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായി വസ്തു ഇടപാടിനെന്ന പേരില്‍ ഒരു സ്ത്രീയാണ് തന്നെ ദുബായില്‍നിന്നു ഫോണ്‍ വിളിച്ചച്ചിരുന്നത്. തുടര്‍ന്നാണ് താന്‍ ഇക്കഴിഞ്ഞ 20 ന് ദുബായിലെത്തിയതെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ പറഞ്ഞു.
ഒന്‍പത് ദശലക്ഷം ദിര്‍ഹ (17 കോടിയിലേറെ രൂപ) മിന്റെ ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ അദ്ദേഹം ദുബായിലെ ഹോട്ടലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഒരു ദശലക്ഷം ദിര്‍ഹം ജാമ്യം കെട്ടിവെച്ചാണ് തുഷാര്‍ പുറത്തിറങ്ങിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് ഇക്കാര്യത്തില്‍ തന്നെ പ്രധാനമായും സഹായിച്ചതെന്ന് തുഷാര്‍ പറഞ്ഞു. ഇക്കാര്യം ലുലു ഗ്രൂപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.
ഉമ്മുല്‍ഖുവൈനില്‍ തനിക്ക് കുറച്ച് സ്ഥലമുണ്ട്. അതൊരു അറബിക്ക് വാങ്ങാന്‍ താല്‍പര്യമുണ്ടെന്നും വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ പറയണമെന്നും പറഞ്ഞാണ് ഇവര്‍ വിളിച്ചിരുന്നതെന്ന് തുഷാര്‍ പറഞ്ഞു. ഞാന്‍ ദുബായില്‍ വരുമ്പോള്‍ അറിയിക്കാമെന്നും നല്ല വില കിട്ടുകയാണെങ്കില്‍ വില്‍ക്കാന്‍ തയാറാണെന്നും മറുപടി നല്‍കിയിരുന്നു. 20ന് എയര്‍ ഇന്ത്യയില്‍ കൊച്ചിയില്‍നിന്ന് ദുബായിലെത്തി. 24 നുള്ള മടക്ക ടിക്കറ്റുമെടുത്തിരുന്നു. ദുബായ് ശൈഖ് സായിദ് റോഡിലെ ഒരു ഹോട്ടലില്‍ താമസിച്ചു. ഈ സ്ത്രീ വീണ്ടും വിളിക്കുകയും മറ്റൊരു ഹോട്ടലില്‍ അവരുമായി സന്ധിക്കുകയും ചെയ്തു. ഇതിനിടെ രണ്ട് സി.ഐഡിമാര്‍ വന്നു പിടികൂടുകയായിരുന്നു. താന്‍ ചെയ്ത കുറ്റമെന്താണ് എന്ന് അപ്പോള്‍ അവര്‍ പറഞ്ഞില്ലെന്നും തുഷാര്‍ വ്യക്തമാക്കി.
അജ്മാന്‍ ജയിലില്‍ വെച്ചാണ് ഒന്‍പത് ദശലക്ഷത്തിന്റെ വണ്ടിച്ചെക്ക് കേസാണ് തന്റെ പേരിലുള്ളതെന്ന് മനസിലായത്. പിന്നീട് എന്റെ ബോയിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സബ് കോണ്‍ട്രാക്ടറായ നാസില്‍ അബ്ദുല്ല വിളിച്ചു താനാണ് ഇതെല്ലാം ചെയ്തതെന്ന് അറിയിച്ചു. 12 വര്‍ഷം മുന്‍പ് താന്‍ അടച്ചുപൂട്ടിയ കമ്പനിയാണ് ബോയിംഗ് കണ്‍സ്ട്രക്ഷന്‍. 10 വര്‍ഷം മുന്‍പെങ്കിലും പഴക്കമുള്ള ചെക്കാണ് ചതിക്ക് ഉപയോഗിച്ചത്. ഒന്നുകില്‍ അന്ന് എന്റെ കമ്പനിയിലെ ഏതെങ്കിലും ഒരു ജീവനക്കാരനെ സ്വാധീനിച്ച് കൈക്കലാക്കിയതോ, അല്ലെങ്കില്‍ കോണ്‍ട്രാക്ട് നല്‍കുന്ന സമയത്ത് കണ്‍സള്‍ട്ടിംഗ് കമ്പനിക്ക് സെക്യൂരിറ്റി ചെക്കായി നല്‍കിയതോ ആയിരിക്കുമെന്ന് തുഷാര്‍ പറഞ്ഞു.
കമ്പനിക്ക് 30 ലക്ഷത്തോളം ദിര്‍ഹം പലരില്‍നിന്നായി കിട്ടാനുണ്ടായിരുന്നു. കമ്പനി പ്രതിസന്ധിയിലായപ്പോള്‍ നാസില്‍ അബ്ദുല്ലയുടേതടക്കം എല്ലാ ഉപകരാറുകാരുടെയും പണം 60 ശതമാനത്തോളം നല്‍കുകയും കമ്പനി പൂട്ടുകയും ചെയ്തു. പിന്നീടു കുറച്ചു പണം കൂടി തനിക്ക് കിട്ടണം എന്ന് നാസില്‍ അബ്ദുല്ല പറഞ്ഞപ്പോള്‍ അതും നല്‍കിയാണ് താന്‍ യു.എ.ഇ വിട്ടതെന്നും തുഷാര്‍ പറഞ്ഞു.
വിളിച്ച സ്ത്രീ നാസില്‍ അബ്ദുല്ലയുടെ ഏതെങ്കിലും ബന്ധുവോ മറ്റോ ആകാനാണ് സാധ്യത. അദ്ദേഹം തെറ്റ് മനസിലാക്കി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന് നല്ല ബുദ്ധി തോന്നട്ടേ എന്ന് പ്രാര്‍ഥിക്കുന്നതായും തുഷാര്‍ പറഞ്ഞു.
തന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ ജാമ്യം വച്ചാണ് ജയില്‍ മോചിതനായതെന്നും യാത്രാ വിലക്കുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 10 ലക്ഷം ദിര്‍ഹം കോടതിയില്‍ കെട്ടിവെക്കുകയും ചെയ്തു. മറ്റു നിയമനടപടകള്‍ തീര്‍ക്കാനുണ്ട്. അതിന് ശേഷം മാത്രമേ മടക്കയാത്രയുണ്ടാവുകയുള്ളൂ. ചൊവ്വാഴ്ചയോടെ നാട്ടിലേക്ക് മടങ്ങാനാകുമെന്ന് കരുതുന്നതായും തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.