ചോർത്തിയ വിവരങ്ങൾ മരുന്ന് കമ്പനികൾക്ക് മരിച്ചു വിൽക്കുകയാണ് സംഘം
ന്യൂദൽഹി- ഇന്ത്യൻ ആസ്ഥാനമായ ഹെൽത്ത് കെയർ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തു ലക്ഷക്കണക്കിന് പേരുടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്. അമേരിക്കൻ ആസ്ഥാനമായുള്ള സൈബർ സുരക്ഷ സ്ഥാപനം ഫയർ ഐ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. വെബ്‌സൈറ്റിൽ രേഖപ്പെടുത്തപ്പെട്ട രോഗികൾ, ഡോക്‌ടർ ഉൾപ്പെടെ അറുപത്തെട്ട്‍ ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് സ്ഥാപനം പുറത്ത് വിട്ടത്. ചൈനയിൽ നിന്നുള്ള ഹാക്കർ സംഘമാണ് ചോർത്തലിനു പിന്നിൽ പ്രവർത്തിച്ച പ്രധാനികളെന്നും ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ അന്താരാഷ്‌ട്ര മേഖലയിലെ വിവിധ കമ്പനികളിലേക്ക് വിവരങ്ങൾ വിൽക്കുന്നതായും ഫയർ ഐ റിപ്പോർട്ട് ചെയ്‌തു. എന്നാൽ, ചോർത്തപ്പെട്ട ഹെൽത്ത് കെയർ സ്ഥാപനം ഏതെന്ന് ഫയർ ഐ വെളിപ്പെടുത്തിയിട്ടില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് fallensky519 എന്ന പേരിലുള്ള ഹാക്കർ 6,800,000 പേരുടെ വിവരങ്ങൾ ഹാക്ക് ചെയ്‌തത്. അതിൽ രോഗിയുടെ വിവരങ്ങളും വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളും (പി ഐ ഐ), ഡോക്‌ടർമാരുടെ വിവരങ്ങളും ഉൾപ്പെടെ വിവിധ അതിപ്രധാന വിവരങ്ങളാണ് ഹാക്കർ ചോർത്തിയതെന്ന് വ്യാഴാഴ്ച്ച പുറത്ത് വിട്ട റിപ്പോർട്ടിൽ ഫയർ ഐ വ്യക്തമാക്കി. 2018 ഒക്റ്റോബർ മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിൽ നിരവധി ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട രേഖകൾ വിൽപ്പന നടത്തിയതായും ഇതിൽ പലതും രണ്ടായിരം ഡോളറിനു താഴെയാണ് വിൽപ്പന നടത്തിയതെന്നും ഫയർ ഐ വ്യക്തമാക്കുന്നുണ്ട്.
ആരോഗ്യ മേഖലയിലെ ഇത്തരം വിവരങ്ങൾ ചോർത്തി വിപണിക്കാവശ്യമായ മരുന്നുകൾ നിർമ്മിക്കുന്ന ലോബികൾക്കാണ് ഹാക്കർ സംഘം നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യ മേഖലയിൽ നിന്നും വിവരങ്ങൾ ചോർത്തി മരുന്ന് വിപണിക്ക് കൈമാറുന്ന ഹാക്കർ സംഘം നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ അമേരിക്കയിൽ പ്രധാനപ്പെട്ട ക്യാൻസർ റിസർച്ച് സെന്ററിൽ നിന്നും ചൈനീസ് ഹാക്കർ വിവരങ്ങൾ ചോർത്തിയിരുന്നു.