അജ്മാൻ- പത്തുലക്ഷം ദിർഹമിന്റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട് വഞ്ചനാ കേസിൽ അറസ്റ്റിലായി അജ്മാൻ സെൻട്രൻ ജയിലിൽ കഴിയുന്ന ബിജെഡിഎസ് നേതാവ് തുഷാർ വെള്ളാപള്ളിക്കു ജാമ്യം ലഭിച്ചു. പ്രവാസി വ്യവസായി എം.എ യുസഫലിയുടെ ഇടപെടലാണ് ജാമ്യത്തിലേക്ക് നയിച്ചത്. പത്ത് വർഷം മുമ്പ് തീയിതി ഇല്ലാതെ തുഷാർ തന്റെ ബിസിനസ് പങ്കാളിയായ തൃശൂർ സ്വദേശി നാസിൽ അബ്ദുല്ലയ്ക്ക് നൽകിയ ചെക്ക് മടങ്ങിയതാണ് തുഷാറിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഒത്തു തീർപ്പു ചർച്ചയ്‌ക്കെന്ന പേരിൽ നാസിൽ തുഷാറിനെ അജ്മാനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
ബിസിനസ് പങ്കാളിക്കു നൽകിയ പത്തു ലക്ഷം ദിർഹമിന്റെ (19.5 കോടി രൂപ) ചെക്ക് പണമില്ലാതെ മടങ്ങിയതിനെ തുടർന്നാണ് ബിജെഡിഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം യുഎഇയിൽ അറസ്റ്റിലായത്. പത്തു വർഷം മുമ്പാണ് ഈ ചെക്ക് തുഷാർ തന്റെ ബിസിനസ് പങ്കാളിയായ തൃശൂർ സ്വദേശി നാസിൽ അബ്ദുല്ലയ്ക്കു നൽകിയത്. അജ്മാനിൽ തുഷാറിനുണ്ടായിരുന്ന ബോയിങ് കൺസ്ട്രക്ഷൻ എന്ന കമ്പനിയുടെ ഉപകരാറുകാരായിരുന്നു നാസിലിന്റെ കമ്പനി. ഈ ഇടപാടിൽ പത്തു ലക്ഷം ദിർഹം നാസിലിനു നൽകാനുണ്ടായിരുന്നു. കമ്പനി നഷ്ടത്തിലായതോടെ ബാധ്യത തീർക്കാൻ പത്തു വർഷം മുമ്പ് കമ്പനി തുഷാർ നാസിലിനു കൈമാറുകയായിരുന്നു. ഈ ഇടപാടിൽ തീയതി വെക്കാതെ 10 ലക്ഷം ദിർഹമിന്റെ ചെക്ക് നാസിലിനു തുഷാർ നൽകുകയും ചെയ്തു. എന്നാൽ ഈ ചെക്ക് പണമില്ലാതെ മടങ്ങിയതാണ് വിനയായത്.
തുഷാറിൽ നിന്ന് പണം ലഭിക്കാതെ വന്നതോടെ ഈയിടെയാണ് നാസിൽ പോലീസിൽ പരാതി നൽകിയത്. ഇതിനെ കുറിച്ച് തുഷാറിന് അറിയില്ലായിരുന്നു. ഒത്തു തീർപ്പു ചർച്ചയ്‌ക്കെന്ന പേരിൽ നാസിൽ തുഷാറിനെ അജ്മാനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അജ്മാനിൽ ഹോട്ടലിൽ വച്ചാണ് പോലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജയിലിലേക്കു മാറ്റി. ഇനി മോചനം സാധ്യമാകണമെങ്കിൽ ഒന്നുകിൽ പണം അടക്കുകയോ നാസിൽ പരാതി പിൻവലിക്കുകയോ വേണം. പത്തു വർഷം മുമ്പ് നൽകിയ ചെക്കിന് നിയമ സാധുത ഇല്ലെന്നാണ് തുഷാറിന്റെ വാദം.