ന്യൂദൽഹി- ആർഎസ്എസ് നേതാവും മഹാത്മാഗാന്ധി വധക്കേസിലെ ആരോപണവിധേയനുമായ വി.ഡി സവർക്കറുടെ പ്രതിമയിൽ ഷൂമാല അണിയിച്ച് കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ നാഷനൽ സ്റ്റുഡന്റ്‌സ് യൂനിയൻ ഓഫ് ഇന്ത്യ(എൻ.എസ്.യു.ഐ)യുടെ പ്രതിഷേധം.ദൽഹി സർവകലാശാലയുടെ കവാടത്തിനു പുറത്ത് എ.ബി.വി.പി സ്ഥാപിച്ച പ്രതിമയിലാണ് ബുധനാഴ്ച അർധരാത്രി എൻ.എസ്.യു.ഐ നേതാക്കളെത്തി ഷൂ മാല അണിയിച്ചത്. പ്രതിമയിൽ കറുത്ത ഛായം പൂശുകയും ചെയ്തു.
ഡൽഹി യൂനിവേഴ്‌സിറ്റ് അധികൃതരുടെ അനുമതിയില്ലാതെയാണ് തിങ്കളാഴ്ച രാവിലെ കാംപസിലെ വടക്കുഭാഗത്തെ ആർട്‌സ് വിഭാഗത്തിനു സമീപത്തെ കവാടത്തിനടുത്ത് സവർക്കറുടെ പ്രതിമ എ.ബി.വി.പി സ്ഥാപിച്ചത്. യൂനിയൻ പ്രസിഡന്റ് ശക്തി സിങാണ് പ്രതിമ അനാഛാദനം ചെയ്തത്. പ്രതിമ സ്ഥാപിക്കാൻ അനുമതി തേടി നിരവധി തവണ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തെ സമീപിച്ചിരുന്നെന്നും അവർ മറുപടി തന്നിരുന്നില്ലെന്നും ശക്തി സിങ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി കത്തുകൾ നൽകിയിരുന്നു. ഇക്കഴിഞ്ഞ മാർച്ച് മാസം വൈസ് ചാൻസലറെ നേരിട്ടുകണ്ടു.
യുവാക്കൾക്ക് പ്രചോദനമാവുമെന്നതിനാലാണ് പ്രതിമ സ്ഥാപിച്ചതെന്നുമായിരുന്നു ശക്തി സിങിന്റെ വാദം. എന്നാൽ, പ്രതിമ സ്ഥാപിച്ചത് ചട്ടങ്ങൾ മറികടന്നാണെന്ന് വ്യക്തമാക്കിയ സർവകലാശാല അധികൃതർ ഇന്നലെ തന്നെ പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകനായ വി ഡി സവർക്കർ സ്വാതന്ത്ര്യസമരകാലത്ത് തടവിലിരിക്കെ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ് തടിയൂരിയിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച കേസിൽ ഗൂഢാലോചന പ്രതികളുടെ പട്ടികയിലുണ്ടായിരുന്ന ഇദ്ദേഹത്തെ പിന്നീട് തെളിവില്ലെന്നു പറഞ്ഞ് കുറ്റവിമുക്തനാക്കുകയായിരുന്നു.