ന്യൂദല്‍ഹി- സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഇല്ലാതാക്കുകയാണ് കള്ളക്കേസിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് എന്‍.ഡി.ടി.വി. പ്രമോട്ടര്‍മാരായ പ്രണോയി റോയി, രാധിക റോയി എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് ചാനലിന്റെ പ്രതികരണം. നിശബ്ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
വിദേശനിക്ഷേപം നേരിട്ടു സ്വീകരിക്കല്‍ (എഫ്ഡിഐ) ചട്ടം ലംഘിച്ചെന്നാണ് കേസ്.
2004-2010 കാലയളവില്‍ എന്‍ഡിടിവി നികുതി ഇളവുള്ള രാജ്യങ്ങളില്‍ 32 കമ്പനികള്‍ സ്ഥാപിച്ചെന്നും വിദേശത്തുനിന്നു പണം എത്തിക്കാനായി മാത്രം രൂപീകരിച്ചതായിരുന്നു ഈ കമ്പനികളെന്നുമാണ് ആരോപണം. ഹോളണ്ട്, യുകെ, ദുബായ്, മലേഷ്യ, മൗറീഷ്യസ് എന്നീ സ്ഥലങ്ങളിലാണ് കമ്പനികളെന്നും എഫ്‌ഐആറില്‍ പറയുന്നു.
ക്രിമിനല്‍ ഗൂഢാലോചന, അഴിമതി എന്നിവ ചുമത്തി ചാനല്‍ സിഇഒ വിക്രം ചന്ദ്രയ്‌ക്കെതിരേയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബുധനാഴ്ച ചന്ദ്രയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.
സ്വകാര്യ ബാങ്കിനു സാമ്പത്തിക നഷ്ടം വരുത്തി എന്ന ആരോപണത്തില്‍ നേരത്തെയും എന്‍ഡിടിവിക്കെതിരെ സിബിഐ കേസെടുത്തിരുന്നു.