ന്യൂദല്‍ഹി- ബിക്കിനി ധരിച്ച എയര്‍ ഹോസ്റ്റസുമാരിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച വിയറ്റ്‌നാമിലെ സ്വകാര്യ ബജറ്റ് വിമാനമായ വിയറ്റ് ജെറ്റ് ഇന്ത്യയിലേക്കു സര്‍വീസ് ആരംഭിക്കുന്നു. വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റി, ഹനോയ് എന്നിവിടങ്ങളില്‍നിന്നു ദല്‍ഹിയിലേക്കും തിരിച്ചുമാണു സര്‍വീസുകള്‍. ഡിസംബര്‍ ആറിന് സര്‍വീസ് തുടങ്ങും. ഹോചിമിനില്‍നിന്ന് ദല്‍ഹിയിലേക്ക് അഞ്ച് മണിക്കൂറാണ് യാത്ര. ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ വിയറ്റ് ജെറ്റ് വളരെ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നെങ്കിലും പല വിധ തടസ്സങ്ങള്‍ കാരണം നീണ്ടു പോയി.
മാര്‍ച്ച് 28 വരെയുള്ള സര്‍വീസുകള്‍ക്കു ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും ഹോചിമിന്‍ സിറ്റിയില്‍നിന്നുള്ള സര്‍വീസ്. ഹാനോയില്‍ നിന്നുള്ള വിമാനങ്ങള്‍ മറ്റു മൂന്നു ദിവസങ്ങളില്‍ പുറപ്പെടും. ഓഗസ്റ്റ് 22 വരെ ബുക്കു ചെയ്യുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഒമ്പതു രൂപയാണ്. എയര്‍പോര്‍ട്ട് ഫീയും മറ്റു ചാര്‍ജുകളും പുറമെ. പ്രമോഷണല്‍ ടിക്കറ്റുകള്‍ വെബ്‌സാറ്റിലും ആപ്പിലും ലഭ്യമാകും.
വിയറ്റ്‌നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോംഗ് താവോയുടെ ഉടമസ്ഥതയിലുള്ളതാണു വിയറ്റ് ജെറ്റ് എയര്‍ലൈന്‍. ഉദ്ഘാടന പറക്കലില്‍ ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരാണ് സേവനത്തിനുണ്ടായിരുന്നത്. എയര്‍ഹോസ്റ്റസുമാരെ ബിക്കിനി ധരിപ്പിച്ചതിനെ തുടര്‍ന്ന് 2018 ജനുവരിയില്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കമ്പനിക്കു പിഴ ചുമത്തിയിരുന്നു. രാജ്യത്തിന്റെ 23 അംഗ ഫുട്‌ബോള്‍ ടീം ചൈനയില്‍നിന്നു മടങ്ങിയ പ്രത്യേക വിമാനത്തില്‍ അര്‍ധ നഗ്നരായ എയര്‍ഹോസ്റ്റസുമാരെ സേവനത്തിനു നിയോഗിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
വിയറ്റ്‌നാമിനകത്തും ജപ്പാന്‍, ഹോങ്കോങ്, ദക്ഷിണ കൊറിയ, തയ് വാന്‍, സിങ്കപ്പൂര്‍, ചൈന, തായ് ലന്‍ഡ്, മ്യാന്‍മര്‍, മലേഷ്യ എന്നിവിടങ്ങളിലേക്കുമായി ദിവസം 385 സര്‍വീസ് നടത്തുന്നുണ്ട്.