ന്യൂദല്‍ഹി- മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ഇത്തരക്കാരനാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിനുവേണ്ടി ഹാജരാകില്ലായിരുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ. സെന്‍കുമാര്‍ നടത്തിയ കടുത്ത വിദ്വേഷ പ്രസ്താവനകള്‍ക്കു പിന്നാലെയാണ് ദവേയുടെ പ്രതികരണം.
സെന്‍കുമാറിന്റെ പരാമര്‍ശങ്ങളില്‍ കടുത്ത നിരാശയും വേദനയുമുണ്ട്. വളരെ സ്വതന്ത്രനും രാഷ്ട്രീയത്തിന് അതീതനായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണെന്നുമാണ് കരുതിയിരുന്നത്. നീതിക്കുവേണ്ടിയുള്ള പോരാട്ടമെന്നു കരുതിയാണ് പണം വാങ്ങാതെ അദ്ദേഹത്തിനു ഡി.ജി.പി സ്ഥാനം തിരികെ ലഭിക്കുന്നതിനുവേണ്ടി ഹാജരായതെന്നും ദവേ പറഞ്ഞു.
കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടായിരുന്നുവെന്നും മുസ്്‌ലിംകളുടെ ജനസംഖ്യ കൂടുകയാണെന്നും സമകാലിക മലയാളം വാരികക്കു നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞിരുന്നു. സംഘ് പരിവാര്‍ അനുകൂല പരാമര്‍ശങ്ങള്‍ നടത്തിയ അദ്ദേഹം ആര്‍.എസ്.എസിനേയും ഐ.എസിനേയും താരതമ്യം ചെയ്യാനാവില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.