പാലക്കാട് - അട്ടപ്പാടിയിലെ സാമ്പാർകോട് ഊരും സമീപത്തെ മറ്റ് ആദിവാസിയൂരുകളും ഉത്സാഹത്തിമർപ്പിലാണ്. പ്രദേശത്ത് നിന്ന് രണ്ട് വർഷം മുമ്പ് വനംവകുപ്പ് പിടികൂടി കോടനാട്ടെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ തങ്ങളുടെ പ്രിയപ്പെട്ട പീലാണ്ടി എന്ന ഒറ്റയാന് ആ പേര് തിരിച്ചു നൽകിയതായി പ്രിൻസിപ്പൽ ഫോറസ്റ്റ് വനം കൺസർവേറ്ററുടെ ഓഫീസിൽ നിന്ന് ആദിവാസി സമൂഹത്തെ രേഖാമൂലം അറിയിച്ചു. കോടനാട് ചന്ദ്രശേഖരൻ എന്ന് വനം വകുപ്പ് പേരിട്ട കൊമ്പൻ ഇനി പീലാണ്ടി ചന്ദ്രു എന്ന പേരിലാവും അറിയപ്പെടുക.
അട്ടപ്പാടിയിലെ പീലാണ്ടി എന്ന കൊമ്പനെ കോടനാട്ട് എത്തിച്ചപ്പോൾ ചന്ദ്രശേഖരൻ എന്ന് പുനർനാമകരണം നൽകിയതിനെതിരേ മൂന്ന് ആദിവാസിയൂരുകളിലെ താമസക്കാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സാമ്പാർകോട് ഊരുമൂപ്പൻ രങ്കന്റെ നേതൃത്വത്തിൽ വനം മന്ത്രി രാജുവിന് നിവേദനവും നൽകി. ജില്ലാ പരിസ്ഥിതി സമിതി ചെയർമാൻ ബോബൻ മാട്ടുമന്തയും ഇക്കാര്യമാവശ്യപ്പെട്ട് പരാതി കൊടുത്തു. ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു അധികൃതർ. അതിനിടയിലാണ് പൊടുന്നനെ അത് അംഗീകരിച്ചതായി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉദ്യോഗസ്ഥർ മുഖേന കഴിഞ്ഞ ദിവസം ഊരു നിവാസികളെ അറിയിച്ചത്.
ഒരു സിനിമാക്കഥ പോലെയാണ് കാര്യങ്ങളുടെ കിടപ്പ്. അട്ടപ്പാടിയിൽ കൊലവിളിയുമായി അഴിഞ്ഞാടിയിരുന്ന പീലാണ്ടിയെ 2017 മെയ് മുപ്പതിനാണ് കുങ്കിയാനകളുടെ സഹായത്തോടെ വനം വകുപ്പ് പിടികൂടി കോടനാട്ടേക്ക് കൊണ്ടുപോയത്. അതിനകം ഒമ്പത് മനുഷ്യ ജീവനുകൾ ആ ഒറ്റയാൻ അപഹരിച്ച് കഴിഞ്ഞിരുന്നു. കൊല്ലപ്പെട്ടവരിലധികവും ഊരുനിവാസികൾ ആയിരുന്നുവെങ്കിലും ആനയെ ഉപദ്രവിക്കണമെന്ന ആവശ്യം ആദിവാസി സമൂഹത്തിൽനിന്ന് ഉയർന്നിരുന്നില്ല. കാടിനോട് ചേർന്ന് കഴിയുന്ന അവരെ സംബന്ധിച്ചിടത്തോളം ആന ഗണേശ ഭഗവാനാണ്. കാട്ടിൽ വെച്ച് അതിന്റെ ചവിട്ടേറ്റ് മരിക്കുന്നത് പുണ്യവും. ഒറ്റയാന്റെ ആക്രമണത്തിൽ ആദ്യം കൊല്ലപ്പെട്ട പീലാണ്ടി എന്ന ഊരു നിവാസിയുടെ പേരിട്ട് അതിനെ ആരാധിച്ചു വരികയായിരുന്നു അവർ. ആ പേരിനോട് ആദിവാസികൾക്കുള്ള വൈകാരികമായ അടുപ്പവും അതു തന്നെ.
കൊലവിളിയുമായി അലഞ്ഞു നടക്കുന്ന ഒറ്റയാനെ പിടികൂടണമെന്ന ആവശ്യവുമായി കുടിയേറ്റ കർഷകരുൾപ്പെടെയുള്ള ഇതര സമുദായക്കാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതോടെയാണ് വനംവകുപ്പ് പ്രശ്‌നത്തിൽ ഗൗരവമായി ഇടപെട്ടത്. കുങ്കിയാനകളുടെ സഹായത്തോടെ പീലാണ്ടിയെ പിടികൂടി കോടനാട്ടേക്ക് കൊണ്ടുപോകുമ്പോൾ പ്രതിഷേധവുമായി ആദിവാസികൾ വഴി തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. കോടനാട്ട് എത്തിച്ചാലും പീലാണ്ടിയുമായുള്ള ബന്ധം നിലനിർത്താൻ അനുവദിക്കുമെന്നായിരുന്നു വനം വകുപ്പ് ആദിവാസി ജനതക്ക് നൽകിയ ഉറപ്പ്.
പ്രഖ്യാപനത്തിൽ ഒതുങ്ങിയില്ല, ആ ധാരണ. പീലാണ്ടിയെ നേരിൽ കണ്ട് ആരാധിക്കണമെന്ന ഊരുമൂപ്പന്റെ അപേക്ഷ മാനിച്ച് 2017 നവംബർ ഏഴിന് വാഹന സൗകര്യം ഏർപ്പെടുത്തി. സാമ്പാർകോട്, മേലേ സാമ്പാർകോട്, ബോഡിച്ചള്ള ആദിവാസിയൂരുകളിൽ നിന്നായി 65 പേരാണ് കോടനാട്ടേക്ക് പോയത്. അതിൽ പതിനൊന്ന് പേർ കുട്ടികളായിരുന്നു. പഴക്കുലകളും നാളികേരവും ശർക്കരയുമുൾപ്പെടെയുള്ള വിശിഷ്ട വസ്തുക്കൾ തങ്ങളുടെ സ്വാമിക്കു മുന്നിലർപ്പിച്ച് കുറെ നേരം അവിടെ ചെലവഴിച്ചതിനു ശേഷമാണ് സംഘം മടങ്ങിയത്. പീലാണ്ടിയെ കാണാൻ കൂടുതൽ അവസരങ്ങൾ ഒരുക്കാമെന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രങ്കൻ മൂപ്പനും കൂട്ടർക്കും നൽകിയിരുന്ന ഉറപ്പ്.
ആനയുടെ പേരുമാറ്റം കൊണ്ട് മാത്രം ഊരുനിവാസികൾക്ക് തൃപ്തിയില്ല. പീലാണ്ടിയെ തിരിച്ച് അട്ടപ്പാടിയിലേക്ക് തന്നെ കൊണ്ടുവരുന്നത് അവർ സ്വപ്‌നം കാണുന്നുണ്ട്.