കൊല്‍ക്കത്ത- മോട്ടോര്‍ സൈക്കിളുകളില്‍ പുറമെ നിന്നെത്തിയവരാണ് പശ്ചിമ ബംഗാളിലെ മാഗുര്‍ഖാലി ഗ്രാമത്തില്‍ കലാപമുണ്ടാക്കിയതെന്ന് ഗ്രാമീണരുമായി അഭിമുഖം നടത്തി തയാറാക്കിയ എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബദൂരിയ ബ്ലോക്കിലെ ചെറിയ ഗ്രാമമാണ് മാഗുര്‍ഖാലി.
എത്രപേരാണ് പുറമെ നിന്നെത്തിയതെന്ന് ഗ്രാമീണര്‍ക്കറിയില്ല. അവരുടെ വരവ് കണ്ടയുടന്‍ തങ്ങള്‍ വീടുകളിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് ഗ്രാമീണ്‍ ഷാജഹാന്‍ മൊണ്ടാള്‍ പറഞ്ഞു.
അതേസമയം, പ്രവാചകനെ അവഹേളിച്ചുകൊണ്ട് ഫേസ് ബുക്കില്‍ പോസ്റ്റിട്ട 17 കാരനെ തേടിയാണ് അവര്‍ വന്നതെന്ന് പ്രദേശ വാസികള്‍ പറയുന്നു. ഈ സംഭവമാണ് രണ്ടു ദിവസത്തിനുശേഷം സമീപ പ്രദേശമായ ബാസിര്‍ഹട്ടിലേക്ക് കൂടി വ്യാപിച്ച അക്രമങ്ങളിലേക്ക് നയിച്ചത്. ഒരാള്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപവും തീവെപ്പും നിരോധനാജ്ഞയിലേക്ക് നയിച്ചിരുന്നു.
ന്യൂനപക്ഷ പ്രീണനത്തിനു പഴി കേള്‍ക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറയുന്നത് സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ അവര്‍ ബംഗ്ലാദേശില്‍നിന്നെത്തി എന്നാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും ആര്‍.എസ്.എസും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അവര്‍ ആരോപിക്കുന്നു.
കൗമാരക്കാരന്റെ അമ്മാവന്റെ വീടിനു തീയിട്ടവര്‍ പുറമെനിന്നെത്തിയവരാണെന്ന് മാഗൂര്‍ഖാലിയിലെ ഒട്ടുമിക്ക ഗ്രാമീണരും പറയുന്നു. പ്രദേശവാസികള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ സംഘര്‍ഷത്തില്‍ പങ്കുചേര്‍ന്നില്ലെന്നും അവര്‍ പറയുന്നു.
വീട് സംരക്ഷിക്കുന്നതിന് ശ്രമിച്ചെങ്കിലും അക്രമികള്‍ കൂടുതുല്‍ പേരുണ്ടായിരുന്നതിനാല്‍ കഴിഞ്ഞില്ല. സംഘം പോയ ശേഷം സമീപത്തെ പള്ളിയില്‍നിന്നെത്തിയ മുസ്്‌ലിംകളടക്കമുള്ള പ്രദേശവാസികളാണ് തീയണച്ചതും കൗമാരക്കാരന്റെ സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിച്ചതും.
അക്രമി സംഘം വന്നയുടന്‍ വീടിനു കാവല്‍ നില്‍ക്കുകയായിരുന്ന പോലീസുകാര്‍ രക്ഷപ്പെട്ടു. സമീപത്തെ പള്ളി ഭാരവാഹിയായ അമീറുല്‍ ഭായി എത്തിയാണ് ബക്കറ്റുകളില്‍ വെള്ളമെടുത്ത് തീയണക്കാന്‍ ആവശ്യപ്പെട്ടത്. അല്‍പ സമയം കഴിഞ്ഞാണ് അഗ്നിശമന സേന എത്തിയത്- ഷാജഹാന്‍ പറഞ്ഞു.
ഇവിടെ ആരും സാമുദായിക കുഴപ്പം ആഗ്രഹിക്കുന്നില്ല. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവരുടെ വീടുകളില്‍ പോകും. ദുര്‍ഗാപൂജക്ക് അവര്‍ ഞങ്ങളുടെ വീടുകളില്‍ വരും. ഇങ്ങനയാണ് ഞങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ കഴിയുന്നത്- ഹിന്ദു ഗ്രാമീണനായ ജിബോണ്‍ ഹല്‍ദാര്‍ പറഞ്ഞു. സംഘര്‍ഷത്തിനിടയില്‍ കുടുങ്ങിയ തന്നെ മുസ്്‌ലിം സഹപാഠികളാണ് രക്ഷിച്ചതെന്ന് രണ്‍ജീത് മൊണ്ടാള്‍ പറഞ്ഞു.
സ്ഥലത്തുണ്ടായിരുന്ന സഹപാഠികളാണ് എനിക്ക് വേണ്ടി വാദിച്ചത്. ഞാന്‍ ഒന്നിനുമില്ലാത്തയാളാണെന്ന് പറഞ്ഞാണ് മര്‍ദിക്കാനൊരുങ്ങിയ അക്രമി സംഘത്തില്‍നിന്ന് എന്നെ രക്ഷിച്ചത്- രണ്‍ജീത് പറഞ്ഞു.
സാമുദായിക സൗഹാര്‍ദത്തിന്റെ പാരമ്പര്യമുള്ള ഗ്രാമത്തില്‍ ഹിന്ദു വീടുകള്‍ക്കിടയിലാണ് മുസ്്‌ലിം പള്ളി. മുസ്്‌ലിംകളുടെ വികാരം വ്രണപ്പെടുത്തിയ ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ ഹിന്ദു കുടുംബങ്ങള്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തിയിരുന്നുവെന്ന് പള്ളിയിലെ ഇമാം പറഞ്ഞു. എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവത്തിനു സാക്ഷ്യം വഹിക്കുന്നത്. അക്രമിസംഘത്തെ അധികൃതര്‍ തടയേണ്ടിയിരുന്നുവെന്നും ആ കുട്ടിയെ അറസ്റ്റ് ചെയ്താല്‍ പിന്നെ സംഘര്‍ഷത്തിന്റെ ആവശ്യമില്ലായിരുന്നുവെന്നും മൗലാന യാസീന്‍ പറഞ്ഞു.
ഹിന്ദു ദൈവങ്ങളുടെ വിഗ്രഹമുണ്ടാക്കി ഉപജീവനം നടത്തുന്ന 42 കാരനായ ബിശ്വജിത്ത് ദേ താമസിക്കുന്നത് മാഗൂര്‍ഖാലിയിലെ പള്ളിയോട് ചേര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാവര്‍ക്കും എല്ലാവരേയും വേണമെന്നും ഇതൊക്കെ എല്ലാം മറക്കുമെന്നും അദ്ദേഹം ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. നിരോധനാജ്ഞ നീക്കിയാല്‍ ജീവിതം സാധാരണനിലയിലാകുമെന്നും കുഴപ്പമുണ്ടാക്കാന്‍ ആരും ഇവിടെ എത്തില്ലെന്ന് ഉറപ്പുവരുത്തുമെന്നും ബിശ്വജിത്ത് എന്‍.ഡി.ടി.വിയോട് പറഞ്ഞു.