Sorry, you need to enable JavaScript to visit this website.

ബിസ്‌ക്കറ്റ് പെട്ടിയും കാലി; സാമ്പത്തിക മാന്ദ്യം കാരണം പാര്‍ലെ പതിനായിരം ജോലിക്കാരെ വെട്ടാനൊരുങ്ങുന്നു

ബെംഗളുരു- ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന ശക്തമായ സൂചന നല്‍കി വാഹനങ്ങള്‍ തൊട്ട് അടിവസ്ത്ര വില്‍പ്പന വരെ കൂപ്പുകുത്തിയിരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കളുടെ വില്‍പ്പനയിലും മാന്ദ്യം പ്രതിഫലിക്കുവെന്ന സൂചന നല്‍കുന്നതാണ് പുതിയ റിപോര്‍ട്ടുകള്‍. പ്രശസ്ത ബിസ്‌ക്കറ്റ് ബ്രാന്‍ഡ് ആയ പാര്‍ലെ ജിയുടെ നിര്‍മ്മാതാക്കളായ പാര്‍ലെ പ്രൊഡക്ട് ലിമിറ്റഡ് മാന്ദ്യം മുന്നില്‍ക്കണ്ട് പതിനായിരം ജോലിക്കാരെ വെട്ടിക്കുറക്കാനൊരുങ്ങുന്നതായാണ് റിപോര്‍ട്ട്. 

പാര്‍ലെ ജിയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇതോടെ ഉല്‍പ്പാദനം വന്‍തോതില്‍ വെട്ടിക്കുറക്കേണ്ട അവസ്ഥയിലാണ്. ഇത് 8000 മുതല്‍ 10000 തൊഴിലാളികളെ പിരിച്ചുവിടലിന്റെ നിഴലിലാക്കിയിരിക്കുകയാണ്. പതിനായിരത്തോളം ജോലിക്കാരെ പിരിച്ചു വിടേണ്ടി വരുമെന്ന് പാര്‍ലെ ഉന്നത ഉദ്യോഗസ്ഥനായ മായങ്ക് ഷായെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. സാഹചര്യം വളരെ മോശമാണ്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കൂടുതല്‍ വഷളാകും. ഞങ്ങള്‍ക്ക് ഇത്രയും പേരെ ഒഴിവാക്കേണ്ടി വരും- അദ്ദേഹം പറഞ്ഞു.

2017-ല്‍ മോഡി സര്‍ക്കാര്‍ നികുതി പരിഷ്‌ക്കരണമായി ജിഎസ്ടി നടപ്പിലാക്കിയതോടെയാണ് ജനപ്രിയ ബിസ്‌ക്കറ്റായ പാര്‍ലെ ജി അടക്കമുള്ള കമ്പനിയുടെ ബ്രാന്‍ഡുകളുടെ മോശം കാലം തുടങ്ങിയത്. അഞ്ചു രൂപയുടെ ഒരു ബിസ്‌ക്കറ്റ് പാക്കിനു പോലും ഉയര്‍ന്ന നികുതിയാണ് ഇതു മൂലം നല്‍കേണ്ടി വരുന്നത്. ഇതോടെ ഓരോ പാക്കറ്റിലേയും ബിസ്‌ക്കറ്റുകളുടെ എണ്ണം കുറക്കേണ്ടി വന്നു. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ഇതു ബാധിച്ചതായിരുന്നു കാരണം. പാര്‍ലെയുടെ വില്‍പ്പന വരുമാനത്തിന്റെ പകുതിയിലേറെയും വരുന്നത് ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ നിന്നാണ്. നിശ്ചിത വിലയ്ക്ക് എത്ര ബിസ്‌ക്കറ്റ് ലഭിക്കുന്നു എന്നു കൃത്യമായി നോക്കി വാങ്ങുന്നവരാണ് ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍. വിലയ്ക്ക് അത്രത്തോളം പ്രാധാന്യമുണ്ടെന്ന് മായങ്ക് ഷാ പറയുന്നു.  

1929ല്‍ സ്ഥാപിതമായ പാര്‍ലെയുടെ കീഴിലുള്ള പത്ത് കമ്പനി ഫാക്ടറികളും 125 കരാര്‍ ഉല്‍പ്പാദന പ്ലാന്റുകളിലുമായി നേരിട്ടും കരാര്‍ വഴിയും ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം ജീവനക്കാരാണ് ഉള്ളത്.

ഏഷ്യയിലെ ഏറ്റവും വലിയ മുന്നാമത്തെ സമ്പദ് വ്യവസ്ഥയായ ഇന്ത്യയില്‍ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കാറുകളുടേയും വസ്ത്രങ്ങളുടേയും വില്‍പ്പന കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് കമ്പനികള്‍ ഉല്‍പ്പാദനം വെട്ടിക്കുറക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇത് വലിയ തൊഴില്‍ പ്രതിസന്ധിയിലേക്കു നയിക്കും. ഈ സ്ഥിതി മുന്നില്‍ കണ്ട് സര്‍ക്കാര്‍ സാമ്പത്തിക ഉത്തേജന പാക്കേജ് അവതരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി.
 

Latest News