Sorry, you need to enable JavaScript to visit this website.

പോലീസ് കള്ളം പറയുന്നു; ബഷീറിന് അപകടമുണ്ടായ 59 സെക്കന്റിനുള്ളില്‍ പോലീസെത്തി; കേസെടുത്തത് ആറു മണിക്കൂർ കഴിഞ്ഞ്


തിരുവന്തപുരം- സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം മേധാവി കെ.എം ബഷീർ കാറിടിച്ച് മരിച്ച സംഭവത്തിൽ പൊലീസിന്റെ വാദങ്ങൾ വീണ്ടും പൊളിയുന്നു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയത് പരാതിക്കാരനിൽനിന്ന് വിവരം കിട്ടാൻ വൈകിയതുകൊണ്ടാണെന്ന പോലീസ് വാദമാണ് പൊളിയുന്നത്. അപകടം നടന്ന് 59 സെക്കന്റുകൾക്കുള്ളിൽ പോലീസ് സംഭവസ്ഥലത്ത് എത്തിയെന്ന് തെളിയിക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മാതൃഭൂമി ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളിലാണ് ഇക്കാര്യമുള്ളത്. അപകടം നടന്ന ഉടൻ പോലീസ് എത്തിയെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നെങ്കിലും ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ ആദ്യമായാണ് പുറത്തുവരുന്നത്.

അപകടം നടക്കുന്ന സമയം സി.സി ടിവിയിൽ 1;01:42 ആണ്. പോലീസ് എത്തുന്നത് 1.02: 41നാണ്. വെറും 59 സെക്കന്റുകൾക്കുള്ളിൽ അപകടം നടന്ന സ്ഥലത്ത് എത്തിയ പോലീസ് എഫ്.ഐ.ആർ ഇട്ടത് രാവിലെ 7.17 നാണ്. അപകടം നടന്ന് ആറ് മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് പൊലീസ് എഫ്.ഐ.ആർ ഇടാൻ തയ്യാറായത്. അപകടം അറിയാൻ വൈകിയതുകൊണ്ടല്ല മറിച്ച് പോലീസ് മനപൂർവം വൈകിപ്പിക്കുകയായിരുന്നു. ദൃക്‌സാക്ഷികൾ ആരും ശ്രീറാമിനെതിരെ മൊഴി നൽകാൻ തയ്യാറാകാത്തതുകൊണ്ടാണ് കേസെടുക്കാതിരുന്നത് എന്ന് പൊലീസ് ആദ്യം വിശദീകരിച്ചിരുന്നു. എന്നാൽ സംഭവത്തിന്റെ ഒരു ദൃക്‌സാക്ഷിയെ പോലീസ് വിട്ടുകളഞ്ഞെന്നും ദൃശ്യം വ്യക്തമാക്കുന്നുണ്ട്.

അപകടം നടക്കുമ്പോൾ ബഷീറിന്റെ തൊട്ടുപിറകിലായി മറ്റൊരു ബൈക്ക് യാത്രക്കാരൻ ഉണ്ടായിരുന്നു. ഇത് സി.സി ടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ട്. അപകടം കണ്ടയുടനെ ഇയാൾ ആക്ടീവ നിർത്തി തിരിച്ചുപോകുന്നതാണ് ദൃശ്യത്തിൽ ഉള്ളത്. ശ്രീറാമും വഫയുമല്ലാതെ അപകടം നേരിട്ട് കണ്ട ഏക വ്യക്തി ഇയാളായിരുന്നു. പക്ഷേ ഈ ദൃശ്യങ്ങളിൽ നിന്നല്ലാതെ ഇയാളെ കുറിച്ചുള്ള ഒരു സൂചനകളും പുറത്തുവന്നിട്ടില്ല. 
 1: 22 വരെ പോലീസ് ജീപ്പ് സംഭവസ്ഥലത്ത് കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ സമയം അവിടെ പ്രതികളും ഉണ്ടായിരുന്നു. പോലീസ് ജീപ്പിലാണ് ശ്രീറാമിനെ കൊണ്ടുപോയതെന്ന് പൊലീസ് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. അങ്ങനെ വരുമ്പോൾ 1: 22 വരെ ശ്രീറാമും അവിടെ തുടർന്നിട്ടുണ്ട്. എന്നാൽ ഇത്രയും സമയം അവിടെ നിന്ന് പ്രതികൾക്ക് കൂടിയാലോചനയ്ക്കുള്ള സമയം പോലീസ് നൽകിയെന്ന ആരോപണമാണ് ഇതിലൂടെ ശക്തമാകുന്നത്.

Latest News