ദുബായ്- പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വരവേല്‍ക്കാന്‍ യു.എ.ഇ ഒരുങ്ങി. ഇത്തവണ പ്രവാസികള്‍ക്കായി പൊതുസമ്മേളനമില്ല. ആദ്യമായി പ്രധാനമന്ത്രി എത്തുന്ന ബഹ്‌റൈനില്‍ പൊതുസമ്മേളനമുണ്ട്. ഇതിന്റെ വേദി നേരത്തെ നിശ്ചയിച്ചതില്‍നിന്ന് മാറ്റിയിട്ടുണ്ട്. പൊതുസമ്മേളനത്തിനുള്ള വേദി ഇസ ടൗണിലെ നാഷനല്‍ സ്റ്റേഡിയത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് സ്‌റ്റേഡിയം. ഗള്‍ഫ് മേഖലയിലെ ആദ്യ ക്ഷേത്രമായ മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശനത്തിനിടെ മോഡി ഉദ്ഘാടനം ചെയ്യും.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള സ്റ്റാമ്പ് യു.എ.ഇയില്‍ മോഡി പ്രകാശനം ചെയ്യും. ബഹ്‌റൈനുമായി ബഹിരാകാശ ഗവേഷണം അടക്കമുള്ള മേഖലകളിലെ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നും നയതന്ത്ര കേന്ദ്രങ്ങള്‍ അറിയിച്ചു.
രണ്ടു ദിവസത്തെ യു.എ.ഇ സന്ദര്‍ശനം ഇരുരാജ്യങ്ങളുടേയും രാഷ്ട്രപിതാക്കന്‍മാര്‍ക്കു ആദരമര്‍പ്പിക്കുന്നതായിരിക്കും. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേരിലുള്ള, രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്രമോഡിക്കു സമ്മാനിക്കും.
വ്യാപാര ഇടപാടുകള്‍ക്കടക്കം ഉപയോഗിക്കാവുന്ന റൂപേ കാര്‍ഡ് പ്രധാനമന്ത്രി യു.എ.ഇയില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ സെക്രട്ടറി ടി.എസ്. തിരുമൂര്‍ത്തി അറിയിച്ചു.
ശനിയാഴ്ചയാണ് മോഡി ബഹ്‌റൈനിലെത്തുന്നത്. ബഹ്‌റൈന്‍ പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സാംസ്‌കാരികം, ബഹിരാകാശ ഗവേഷണം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ വിവിധ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.
മനാമയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രവാസി ഇന്ത്യക്കാരെ മോദി അഭിസംബോധന ചെയ്യും. ഞായറാഴ്ച ഉച്ചയോടെ ജി സെവന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഫ്രാന്‍സിലേക്കു മടങ്ങും.