ഷാര്‍ജ- നെറ്റ്ഫ്‌ളിക്‌സ് പരമ്പരയിലെ അധോലോക നായകന്റെ ഫോണ്‍ നമ്പരായി നല്‍കിയത് പ്രവാസിയായ കാസര്‍കോട് പള്ളിക്കര സ്വദേശി കുഞ്ഞബ്ദുല്ലയുടെ ദുബായ് നമ്പര്‍. പരമ്പര പ്രത്യക്ഷപ്പെട്ടതോടെ ഈ യുവാവിന്റെ നമ്പരിലേക്ക് വരുന്നത് നൂറുകണക്കിന് കോളുകള്‍.
ടെലികോമില്‍ പരാതിപ്പെട്ട് നമ്പര്‍ മാറ്റിയാലോ എന്നാലോചിച്ചെങ്കിലും വര്‍ഷങ്ങളായി ഉപയോഗിക്കുന്ന നമ്പര്‍ മാറ്റാന്‍ പ്രയാസമാണ്. നാട്ടിലേക്ക് പോകുമ്പോഴോ വരുമ്പോഴോ വിമാനത്താവളങ്ങളില്‍ പ്രശ്‌നമാകുമോ എന്ന പേടിയിലാണിപ്പോള്‍ കുഞ്ഞബ്ദുല്ല.
ഷാര്‍ജയിലെ എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുന്ന കുഞ്ഞബ്ദുല്ല സീരിയല്‍ കണ്ടിട്ടില്ല. നെറ്റ് ഫഌക്‌സ് പരമ്പരയിലെ പുതിയ സീസണിലെ ഈ മാസം 15 ന് സംപ്രേഷണം ചെയ്ത ആദ്യ എപിസോഡില്‍ സുലൈമാന്‍ ഈസ എന്ന അധോലോക നായകന്റെ പേരില്‍ കാണിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ കുഞ്ഞബ്ദുല്ലയുടേതായിപ്പോയതാണ് പൊല്ലാപ്പുകള്‍ക്ക് തുടക്കമായത്. നമ്പര്‍ ഒരു തുണ്ടു കടലാസിലാണ് എഴുതി കാണിച്ചതെങ്കിലും അതു ശേഖരിച്ച് ആളുകള്‍ ഈ യുവാവിനെ വിളിക്കുകയാണ്.
സെയ്ഫ് അലി ഖാനും നവാസുദ്ദീന്‍ സിദ്ദിഖിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീക്രട് ഗെയിംസ് പരമ്പര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളതിനാല്‍, സുലൈമാന്‍ ഈസയുടെ നമ്പരറിയാന്‍ പലര്‍ക്കും ഏറെ താല്‍പര്യം. ബോംബെ അധോലോകത്തിന്റെ കഥ പറയുന്ന വിക്രം ചന്ദ്രയുടെ ത്രില്ലര്‍ നോവലാണ് അനുരാഗ് കശ്യപ്, വിക്രമാദിത്യ മൊത് വാനെ, നീരജ് ഗെയ് വാന്‍ എന്നിവര്‍ ചേര്‍ന്ന് വെബ് പരമ്പരയാക്കിയത്. സൗരഭ് സച് ദേവയാണ് സുലൈമാന്‍ ഇസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
നിത്യേന തനിക്ക് അമ്പതോളം ഫോണ്‍ കോളുകളാണ് ലഭിക്കുന്നതെന്നും മൊബൈലിന്റെ ബാറ്ററി ചാര്‍ജ് ചോര്‍ന്നുപോകുന്നുവെന്നും കുഞ്ഞബ്ദുല്ല പറയുന്നു. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ ഖേദമുണ്ടെന്നും എപിസോഡിലെ സബ് ടൈറ്റിലില്‍ നിന്ന് നമ്പര്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നെറ്റ് ഫഌക്‌സ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.