ന്യൂദല്‍ഹി- 44 വര്‍ഷം പഴക്കമുള്ള മിഗ്21 യുദ്ധവിമാനങ്ങളാണ് വ്യോമസേന ഇപ്പോഴും ഉപയോഗിക്കുന്നതെന്ന വ്യോമസേനാ മേധാവി ബി.എസ്. ധനോവ. ഇത്രയും പഴക്കമുള്ള കാര്‍ പോലും ഒരാളും ഓടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യോമസേനയുടെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിലടക്കം വ്യോമസേന ഉപയോഗിച്ചത് റഷ്യന്‍ നിര്‍മിത മിഗ്21 ആയിരുന്നു. അതേസമയം, പാക്കിസ്ഥാന്‍ എഫ് 16 ജറ്റുകളാണ് പ്രത്യാക്രമണത്തിന് ഉപയോഗിച്ചത്. മിഗ്21 ഈ വര്‍ഷത്തോടുകൂടി ഘട്ടംഘട്ടമായി ഉപേക്ഷിക്കുമെന്ന് വ്യോമസേനാ മേധാവി പറഞ്ഞു.
1973-74 കാലത്താണ് മിഗ്21 വ്യോമസേനയുടെ ഭാഗമായത്. ഇന്ത്യന്‍ നിര്‍മിത വിമാനഭാഗങ്ങള്‍ ഉപയോഗിച്ച് അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ചാണ് വിമാനങ്ങള്‍ ഇക്കാലമത്രയും ഉപയോഗിച്ചത്. റഷ്യക്കാര്‍ നിലവില്‍ ഈ വിമാനം ഉപയോഗിക്കുന്നില്ല.
ഇന്ത്യ പാക്കധീന കശ്മീരില്‍ നടത്തിയ മിന്നാലക്രമണത്തില്‍ പാക് സൈന്യത്തിന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പറത്തിയിരുന്നത് പരിഷ്‌കരിച്ച മിഗ് വിമാനമായ മിഗ് 21 ബയ്‌സണ്‍ ആയിരുന്നു. പാക്കിസ്ഥാന്റെ എഫ്16 വിമാനം വെടിവെച്ചു വീഴ്ത്താന്‍ വര്‍ത്തമാന് സാധിച്ചിരുന്നുവെങ്കിലും മിഗില്‍നിന്ന് പുറന്തള്ളി അദ്ദേഹം പിടിയിലാകുകയായിരുന്നു.