Sorry, you need to enable JavaScript to visit this website.

കോനിപ്പാറയിലെ മിന്നാമിന്നികൾ 

ഒരു ഹർത്താൽ ദിവസം മൂന്നാറിൽ തണുപ്പ് കൊണ്ടേച്ചു വരാം എന്ന് വിചാരിച്ചു ഞങ്ങൾ തുടങ്ങിയ യാത്രയാണ് വഴിമാറി അവസാനം കോനിപ്പാറ എന്ന സുന്ദര സ്ഥലത്തു എത്തിച്ചേർന്നത്. അധികം ആരും ചെന്നെത്താത്ത വഴികൾ തേടിയുള്ള ഞങ്ങളുടെ യാത്രകളെ കുറിച്ച് അറിയാവുന്ന അനീഷ് വ്യത്യസ്തമായ മറ്റൊരു സ്ഥലത്തെ കുറിച്ച് പറഞ്ഞതും മൂന്നാർ റദ്ദു ചെയ്ത് അനീഷ് പറഞ്ഞ വഴിക്കു വിട്ടു.
അനീഷ് ആദ്യമായാണ് ഞങ്ങളുടെ കൂടെ യാത്ര വരുന്നത്. പക്ഷേ അനീഷ് പറഞ്ഞ സ്ഥലത്തു ഞങ്ങൾക്ക് അന്ന് എത്തിച്ചേരാൻ കഴിഞ്ഞില്ല. അവസാനം കറങ്ങിത്തിരിഞ്ഞ് മാമലക്കണ്ടത്ത് വണ്ടി നിർത്തി അൽപനേരം നിന്നു. യാത്രയിൽ ഗ്രൂപ്പിന്റെ വാഹനം കണ്ടു പരിചയം പുതുക്കാൻ വന്ന ഒരു സുഹൃത്താണ് കോനിപ്പാറയെ പറ്റി പറയുന്നത്. ഇപ്പോൾ പോകാൻ പറ്റിയ സമയവും. അവിടെ നിന്ന് അധികം ദൂരവുമില്ല. ആധികം ആലോചിച്ചു നിന്നില്ല, നേരെ അങ്ങോട്ടേക്ക് വെച്ചുപിടിച്ചു.
മൂന്ന് കിലോമീറ്ററോളം പാറക്കെട്ടുകൾക്കു മുകളിലൂടെ വണ്ടി ഓടിച്ചു വേണം മുകളിൽ എത്താൻ. റോഡ് പോയിട്ട് വ്യക്തമായ വഴിച്ചാൽ പോലും ഇല്ല. പാറക്കെട്ടിനു മുകളിൽ താമസിക്കുന്ന രണ്ട് ചേട്ടന്മാരും ഞങ്ങളുടെ കൂടെ കേറി. അങ്ങനെ എട്ട് പേരെയും വഹിച്ചുകൊണ്ടാണ് യാത്ര. അവർ കൂടെ ഉണ്ടായതു കാരണം വഴി മനസ്സിലാക്കാൻ വിഷമം ഉണ്ടായില്ല.
മലമുകളിൽ നാല് വീടുകൾ പലയിടങ്ങളിലായി കണ്ടു. ദുർഘട യാത്രക്ക് ഒടുവിൽ ഞങ്ങൾ മുകളിൽ എത്താറായപ്പോൾ മൂവാറ്റുപുഴയിലുള്ള ഞങ്ങളുടെ മറ്റു ചില സുഹൃത്തുക്കൾ അവിടെ നിന്നു തിരിച്ചിറങ്ങുന്നു. 
നിറയെ കായ്ച്ചു നിൽക്കുന്ന കശുമാമ്പഴം ആയിരുന്നു ആദ്യ ആകർഷണം. വണ്ടിയുടെ മുകളിൽ കേറിനിന്ന് അവ കൊതിയോടെ പറിച്ചു തിന്നു. അസ്തമയ സൂര്യന്റെ സ്വർണ പ്രഭയിൽ മുങ്ങി നിൽക്കുകയായിരുന്നു ആ താഴ്‌വാരം. അതുകൊണ്ടു തന്നെ ചൂടും ഉണ്ടായില്ല. സന്ധ്യ ആകുന്നതു വരെ താഴ്‌വാരത്തെ കാഴ്ചകളും സൂര്യാസ്തമയവും കണ്ടു ഞങ്ങൾ അവിടെ കുറെ നേരം ചെലവഴിച്ചു. 
നേരം അൽപം ഇരുട്ടിയപ്പോൾ സുന്ദരമായ മറ്റൊരു കാഴ്ച കൂടി കണ്ടു. അടുത്തുള്ള കശുമാവിൽ നിറയെ മിന്നാമിന്നികൾ മിന്നിത്തിളങ്ങുന്നു. നയനമനോഹരമായ കാഴ്ച പകർത്താൻ ഞാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ട്രൈപോഡ് എടുക്കാൻ വിട്ടുപോയിരുന്നു. ഒരുപാടു നേരം അവിടെ ചെിലവഴിക്കാൻ ഞങ്ങൾക്ക് സമയവും ഉണ്ടായില്ല. അവസാനം മിന്നാമിന്നികളോട് യാത്ര പറഞ്ഞു തിരിച്ചുപോന്നു.
ഓഫ്‌റോഡ് വാഹനവും പരിചയ സമ്പന്നനായ ഡ്രൈവറും ഉണ്ടെങ്കിൽ മാത്രം വാഹനവുമായി പോകുക. അല്ലെങ്കിൽ നടന്നു കയറാം. അതു തന്നെയാണ് സുരക്ഷിതം. ഒരു വൈകുന്നേരം സുഹൃത്തുക്കൾക്ക് ഒപ്പം ചെലവഴിക്കാൻ പറ്റിയ സ്ഥലം.

 

Latest News