ന്യൂദൽഹി- ഐ.എൻ.എക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ദൽഹി കോടതി തള്ളി. 2007-ൽ ടെലിവിഷൻ ചാനൽ തുടങ്ങുന്നതിനായി വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിച്ചുവെന്നാണ് കേസ്. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമായിരുന്നു ഐ.എൻ.എക്‌സ് മീഡിയ തലവൻ. കേസുമായി ബന്ധപ്പെട്ട ചിദംബരത്തെ നിരവധി തവണ പോലീസ് ചോദ്യം ചെയ്തിരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെ ചിദംബരത്തെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ഇടപാട് നടക്കുന്ന സമയത്ത് ചിദംബരമായിരുന്നു ധനകാര്യമന്ത്രി.
അതേസമയം, ബി.ജെ.പി സർക്കാർ തന്നെ ലക്ഷ്യമിട്ട് കള്ളക്കേസുണ്ടാക്കുകയാണെന്നാണ് ചിദംബരത്തിന്റെ ആരോപണം.
അതിനിടെ ദൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉടൻ സുപ്രീം കോടതിയെ ചിദംബരം സമീപിച്ചു. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, മനു അഭിഷേക് സിംഗ്്വി, സൽമാൻ ഖുർഷിദ് എന്നിവരാണ് സുപ്രീം കോടതിയിൽ എത്തിയത്. ഈ ഹരജി നാളെ പരിഗണിക്കും.