ഷിംല- പ്രളയത്തെ തുടര്‍ന്ന് കുടങ്ങിയ നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സിനിമ സംഘത്തെ രക്ഷപ്പെടുത്തി. ഹിമാചലിലെ ഛത്രുവില്‍ കുടങ്ങിയ ഇവരെ മണാലിയിലേക്ക് മാറ്റും. ഇവര്‍ക്കൊപ്പം കുടുങ്ങിയ വിനോദസഞ്ചാരികളെയും രക്ഷപെടുത്തി.
മഞ്ജുവും സംഘവും സുരക്ഷിതരാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ അറിയിച്ചു. പ്രളയബാധിത മേഖലയില്‍ നിന്ന് ഇവരെ രക്ഷപ്പെടുത്തി മണാലിയിലേക്ക് മാറ്റുകയാണെന്നും ഭക്ഷണവും മറ്റും എത്തിച്ചെന്നും വി.മുരളീധരന്‍ മാധ്യമങ്ങളെ അറിയിച്ചു.
സനല്‍കുമാര്‍ ശശിധരന്റെ കയറ്റം എന്ന സിനിമ ചിത്രീകരണത്തിന് ഛത്രുവില്‍ എത്തിയ മുപ്പതോളം പേര്‍ അടങ്ങിയ സംഘമാണ് കുടുങ്ങിയിരുന്നത്. മണ്ണിടിച്ചില്‍ മൂലം യാത്ര മുടങ്ങിയെന്നും സംഘം ഭക്ഷണ പ്രതിസന്ധി നേരിടുന്നുണ്ടെന്നും മഞ്ജു സഹോദരന്‍ മധുവാര്യരെ സാറ്റലൈറ്റ് ഫോണിലൂടെ വിവരം അറിയിക്കുകയായിരുന്നു.
പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറുമായി വി.മുരളീധരന്‍ ഫോണില്‍ സംസാരിച്ചിരുന്നു.