തൃശൂർ - മതസ്പർധ വളർത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയതിന് മുൻ ഡി.ജി.പി സെൻകുമാറിനെതിരെ ഐ.പി.സി 153-എ പ്രകാരം കേസെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. ഇക്കാര്യമുന്നയിച്ച് തിങ്കളാഴ്ച ഡി.ജി.പിക്ക് യൂത്ത് ലീഗ് പരാതി നൽകും. രാജ്യവ്യാപകമായി മതസ്പർധ വളർത്തി വർഗീയ ധ്രുവീകരണമുണ്ടാക്കുന്നതിന് സംഘ്പരിവാർ നിയോഗിച്ച ഉദ്യോഗസ്ഥൻമാരിൽ ഒരാളാണോ സെൻകുമാറെന്നത് അന്വേഷിക്കണം. വസ്തുതാവിരുദ്ധവും അത്യന്തം മത വിദ്വേഷമുണ്ടാക്കുന്നതുമായ പ്രചാരണങ്ങളാണ് ഉന്നത പോലീസ് പദവിയിലിരുന്ന ഒരാളുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത് അങ്ങേയറ്റം ഗൗരവമുള്ളതാണ്. പോലീസ് അന്വേഷിച്ച് സംഘ്പരിവാർ പ്രചാരണമാണെന്ന് കണ്ടെത്തിയ ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്ന് ഇപ്പോൾ പ്രസ്താവന നടത്തിയ സെൻകുമാർ ആർ.എസ്.എസിന്റെ ലൗഡ് സ്പീക്കർ ആയി മാറിയിരിക്കയാണ്.
സെൻകുമാർ പറഞ്ഞാൽ ഐ.എസ്.ഐ.എസും ആർ.എസ്.എസും രണ്ടാകില്ല. രണ്ടും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ഇസ്‌ലാമിക രാജ്യം സ്ഥാപിക്കാൻ വേണ്ടി ഇറാഖിലും സിറിയയിലും പ്രവർത്തിക്കുന്ന ഐ.എസ്.ഐ.എസും ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ആർ.എസ്.എസും തമ്മിൽ വ്യത്യാസമില്ല. ഇതിന് വേണ്ടി രണ്ട് സംഘടനയും ആളുകളെ കൊല്ലുന്നുമുണ്ട്. ആർ.എസ്.എസിൽ നിന്നും റി-റാഡിക്കലൈസേഷന് വിധേയമായി പുറത്ത് വന്ന ആളുകളോട് സംസാരിച്ചാൽ ഇക്കാര്യം ബോധ്യമാവും. ആർ.എസ്.എസിനെതിരെ ഹിന്ദു സമുദായം പ്രതികരിക്കുന്നത് പോലെ തന്നെ ഐ.എസ്.ഐസിനെ പ്രതിരോധിക്കാൻ മുസ്‌ലിം സമുദായവും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടുണ്ട്. അത്‌കൊണ്ടാണ് 90 ലക്ഷത്തോളം വരുന്ന മുസ്‌ലിംകളിൽ കേവലം വിരലിലെണ്ണാവുന്നവർ മാത്രം ഐ.എസിലേക്ക് ആകൃഷ്ട്രരായത്. മുസ്‌ലിംകളിലും നല്ലവരുണ്ടെന്ന സർട്ടിഫിക്കറ്റ് സെൻകുമാർ പോക്കറ്റിൽ വെച്ചാൽ മതിയെന്നും വർഗീയവാദിയെന്ന് സ്വയം തെളിയിച്ച സെൻകുമാർ അത് പുറത്തേക്കെടുക്കേണ്ടതില്ലെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
വിദേശത്ത് നിന്ന് മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നാൽപത്തെട്ട് മണിക്കൂർ മുമ്പെ ഡെത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് യൂത്ത് ലീഗ് അവശ്യപ്പെടുന്നു. ഇപ്പോൾ തന്നെ ഒട്ടനവധി സാങ്കേതിക തടസ്സങ്ങൾ കാരണം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് വലിയ പ്രയാസം പ്രവാസികൾ നേരിടുന്നുണ്ട്. പുതിയ നിയമങ്ങൾ കൂടി നടപ്പിലാക്കി പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു.