വാഷിംഗ്ടണ്‍- ഇസ്രായിലിലേക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശവുമായി യു.എസ് ഡെമോക്രാറ്റിക് ജനപ്രതിനിധികളായ ഇല്‍ഹാന്‍ ഉമറും റഷീദ താലിബും. ഇസ്രായിലിന്റെ ക്രൂരതകളറിയാന്‍ ജൂതരാഷ്ട്രം സന്ദര്‍ശിക്കാന്‍ അവര്‍ മറ്റു കോണ്‍ഗ്രസ് അംഗങ്ങളോട് ആവശ്യപ്പെട്ടു.
തങ്ങളില്‍ അര്‍പ്പിതമായ ദൗത്യം നിര്‍വഹിക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രായില്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹുവും തടസ്സം സൃഷ്ടിക്കുകയാണെന്ന് മിന്നസോട്ടയില്‍നിന്നുള്ള ഡെമോക്രാറ്റിക് അംഗം ഇല്‍ഹാന്‍ ഉമര്‍ ആരോപിച്ചു.
ഞങ്ങള്‍ കാണാന്‍ ഉദ്ദേശിച്ചവരെ പോയി കാണാന്‍ മറ്റു കോണ്‍ഗ്രസ് അംഗങ്ങളെ ആഹ്വാനം ചെയ്യുകയാണ്. ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ അനുമതിയില്ലാത്ത കഥകള്‍ നിങ്ങള്‍ കേള്‍ക്കണം- വാര്‍ത്താ സമ്മേളനത്തില്‍ ഇല്‍ഹാന്‍ ഉമര്‍ പറഞ്ഞു. അധിനിവേശത്തിന്റെ ക്രൂരതകള്‍ മറച്ചുവെക്കാന്‍ ട്രംപിനേയും നെതന്യാഹുവിനേയും അനുവദിച്ചകൂടാ- അവര്‍ പറഞ്ഞു.
യു.എസ് കോണ്‍ഗ്രസിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് മുസ്്‌ലിം വനിതകള്‍ക്ക് പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശം കണക്കിലെടുത്താണ് ഇസ്രായില്‍ പ്രവേശനം നിഷേധിച്ചത്. ഫലസ്തീനികള്‍ നേതൃത്വം നല്‍കുന്ന ബഹിഷ്‌കരണ പ്രസ്ഥാനത്തിന് ഇവര്‍ നല്‍കിയിരുന്ന പിന്തണയാണ് കാരണം.
അമേരിക്കയില്‍ ജനിച്ച ഫലസ്തീനിയായ റഷീദ് താലിബ് വെസ്റ്റ് ബാങ്കില്‍ കഴിയുന്ന പ്രായമേറിയ മുത്തശ്ശിയെ കാണാനും പദ്ധതിയിട്ടിരുന്നു.