ന്യൂദല്‍ഹി- കശ്മീരിന്റെ പേരില്‍ തുടരുന്ന സംഘര്‍ഷത്തില്‍ അയവു വരുത്താന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ, പാക്കിസ്ഥാന്‍ പ്രധാനമന്ത്രിമാരോട് ആവശ്യപ്പെട്ടു. ഇരുവരുമായും ടെലിഫോണില്‍ സംസാരിച്ചതായി ട്രംപ് ട്വീറ്റ് ചെയ്തു.
മുഖ്യമായും കശ്മീരായിരുന്നു വിഷയമെങ്കിലും വ്യാപാരം, തന്ത്രപ്രധാന സഹകരണം തുടങ്ങിയ കാര്യങ്ങളും സംസാരിച്ചു.സ്ഥിതി ഗുരുതരമാണെങ്കിലും സംസാരം നന്നായിരുന്നുവെന്ന് ട്രംപ് ട്വിറ്ററില്‍ പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടി നേരത്തെ തന്നെ വഷളായിരുന്ന ഇന്ത്യാ-പാക് ബന്ധം കൂടുതല്‍ ഉലച്ചിരിക്കയാണ്. അംബാസഡറെ പുറത്താക്കിയും വ്യാപാര, ഗതാഗത ബന്ധങ്ങള്‍ റദ്ദാക്കിയുമാണ് പാക്കിസ്ഥാന്‍ പ്രതികരിച്ചത്.
ഉഭയകക്ഷി വ്യാപാരം സംബന്ധിച്ച് ഇന്ത്യയുടെ വാണിജ്യ മന്ത്രിയും യു.എസ് വ്യാപാര പ്രതിനിധിയും തമ്മില്‍ ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി മോഡി ട്രംപിനെ അറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കശ്മീരിന്റെ പേരിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാതെ നോക്കണമെന്നാണ് ട്രംപ് മോഡിയോടും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനോടും ആവശ്യപ്പെട്ടതെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.