തിരുവനന്തപുരം - വർഗീയ പരാമർശങ്ങൾ നടത്തിയതിന് കേരള പോലീസ് മുൻ മേധാവി ടി.പി സെൻകുമാറിനെതിരെ കേസെടുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വളരെ ഗുരുതരവും പ്രകോപനപരവും കേരളത്തിൽ ഛിദ്രതയുണ്ടാക്കാനുതകുന്നതുമായ പരാമർശങ്ങളാണ് സെൻകുമാർ ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ പരാമർശിച്ചിരിക്കുന്നത്. കോടതി പോലും ഇല്ല എന്ന് വിധിച്ച ലൗ ജിഹാദ് ഉണ്ടെന്നും കേരളത്തിലെ മുസ്‌ലിം ജനസംഖ്യ ആപത്കരമായി വർദ്ധിക്കുന്നുവെന്നുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങൾ ഗൗരവതരമാണ്. രാജ്യത്ത് നടക്കുന്ന പശു ഭീകരതക്കെതിരെ ജനാധിപത്യപരമായി പ്രതികരിക്കുന്നവരാണ് അപകടകാരികളെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ വാദം അസഹിഷ്ണുതയും മതഭീകരതയും രാജ്യത്ത് പടർത്തുന്ന സംഘ്പരിവാറിന്റെ അതേ വാദമാണ്. ആർ.എസ്.എസ് വർഗീയത ദേശീയ സ്പിരിറ്റിലാണെന്ന മുൻ കേരളാ പോസീസ് മേധാവിയുടെ അഭിപ്രായമാകട്ടെ രാജ്യത്തെ ഭരണഘടനക്കും നിയമവാഴ്ചക്കുമെതിരാണ്. കേരളാ പോലീസിന്റെ തലപ്പത്തിരുന്നയാൾ നടത്തിയ ഹീനമായ ഇത്തരം വിലയിരുത്തലുകൾ ഞെട്ടിക്കുന്നതാണ്. സംഘ്പരിവാർ പാളയത്തിലേക്ക് പോകുന്നതിനു മുന്നോടിയായി സെൻകുമാർ നടത്തുന്ന വർഗീയ വിഷം ചീറ്റലാണിത്. കേരള സർക്കാർ ഇത് ഗൗരവത്തിലെടുക്കണം. പോലീസ് മേധാവിയായിരിക്കേ സെൻകുമാർ നടത്തിയ എല്ലാ നീക്കങ്ങളും പരിശോധിച്ച് സർക്കാർ തിരുത്തലുകൾ വരുത്തണം. ഇത്തരം വർഗീയ ധ്രുവീകരണ ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കരുതെന്നും കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.