തെഹ്‌റാന്‍- ജിബ്രാള്‍ട്ടര്‍ വിട്ട ഇറാന്റെ എണ്ണ ടാങ്കര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കരുതെന്ന് അമേരിക്കക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാനും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കത്തിനു കാരണമായി ഇറാനിയന്‍ ടാങ്കര്‍ ഗ്രേസ് 1 ഗ്രീസിലേക്ക് നീങ്ങുകയാണ്. ടാങ്കര്‍ പിടിച്ചെടുക്കണമെന്ന യു.എസ് നിര്‍ദേശം ജിബ്രാള്‍ട്ടര്‍ തള്ളിയതിനു ശേഷമാണ് ടാങ്കര്‍ തുറമുഖം വിട്ടത്.
ജിബ്രാള്‍ട്ടര്‍ വിട്ട ശേഷം ടാങ്കര്‍ പിടിക്കാന്‍ അമേരിക്കക്ക് ഉത്തരവിട്ടുകൂടെ എന്ന ചോദ്യത്തിന് തുറന്ന സമുദ്രത്തില്‍ കപ്പല്‍ ഗതാഗതത്തിന് പ്രത്യക്ഷ ഭീഷണിയാകുമെന്നാണ് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് അബ്ബാസ് മൂസവിയുടെ പ്രതികരണം. ബ്രിട്ടീഷ് എണ്ണക്കപ്പല്‍ വിട്ടുകൊടുക്കുന്നതിന് കോടതി ഉത്തരവ് കാത്തിരിക്കയാണെന്നും ഇറാന്‍ വ്യക്തമാക്കി.