കൊച്ചി- പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കടയിലുള്ള മുഴുവൻ വസ്ത്രങ്ങളും സഹായമായി നൽകിയ നൗഷാദിന്റെ പുതിയ കട തുറന്നു. കലക്ടർ ഉദ്ഘാടനത്തിന് വരാമെന്ന് ഏറ്റിരുന്നെങ്കിലും അദ്ദേഹത്തിന്റെ അഭാവത്തിൽ നാട്ടുകാർ തന്നെ കട തുറന്നു. പ്രളയസഹായം നൽകാൻ ആളുകൾ മടിച്ചു നിന്ന സമയത്തായിരുന്നു നൗഷാദ് തന്റെ കടയിലെ മുഴുവൻ സാധനങ്ങളും ദുരിതാശ്വാസ പ്രവർത്തകർക്ക് കൈമാറിയത്. തെരുവിൽ കച്ചവടം നടത്തിയിരുന്ന നൗഷാദ് പ്രളയം എത്തും മുൻപേ കൊച്ചി ബ്രോഡ് വേയിൽ സ്വന്തമായൊരു കട കണ്ടു വെച്ചിരുന്നു. പുതിയ സ്‌റ്റോക്ക് എത്തിയതോടെയാണ് കട ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ദിവസം ഒരു ലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങളെടുക്കാൻ വിദേശമലയാളിയായ അഫി അഹമ്മദ് കൂടി എത്തിയതോടെ ആദ്യ വില്പനയും ഉഷാറായി. നൗഷാദിന്റെ നിർദ്ദേശപ്രകാരം ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു ലക്ഷം രൂപ കൈമാറും. നൗഷാദിനെയും കുടുംബത്തെയും ഗൾഫിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കട തുറന്നെങ്കിലും മരിക്കുംവരെ തെരുവിലെ കച്ചവടം തുടരുമെന്നും നൗഷാദ് പറഞ്ഞു.