Sorry, you need to enable JavaScript to visit this website.

പോലീസ് തലപ്പത്ത് ഇനിയും വർഗീയവാദികളുണ്ട്  -പി.വി. അബ്ദുൽ വഹാബ് എം.പി 

കോഴിക്കോട് -  പോലീസ് തലപ്പത്ത് ഇനിയും വർഗീയ വാദികളുണ്ടെന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ട്രഷറർ പി.വി.അബ്ദുൽ വഹാബ് എം.പി. പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഫാസിസത്തെ രാഷ്ട്രീയമായി നേരിടണമെന്നും ഇതിനായി രാജ്യത്ത് ഫാസിസ്റ്റ് വിരുദ്ധ മതേതര ശക്തികൾ ഒന്നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതങ്ങളെ എതിർത്ത് മതേതരം വളർത്തുന്ന കപടമുഖങ്ങളെ തിരിച്ചറിയണമെന്നും നമ്മുടെ പൊതു ശത്രു ആരാണെന്ന് മനസ്സിലാക്കി ആത്മാർത്ഥമായ കൂടിച്ചേരലുകൾ എഴുത്തിലും വാക്കിലും സാംസ്‌കാരിക രംഗത്തും ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. 
ടി.പി സെൻകുമാറിന്റെ മുസ്ലിം വിരുദ്ധ നിലപാട് പ്രതിഷേധാർഹമാണ്. അദ്ദേഹത്തെ പോലെ പലരും ഇന്നും പോലീസ് തലപ്പത്തിരിക്കുന്നുണ്ടെന്നും വഹാബ് കൂട്ടിച്ചേർത്തു. സമുദായത്തിനകത്തുള്ള നിസ്സംഗതാ മനോഭാവമാണ്  ഫാസിസത്തിൽ നിന്നുള്ള അക്രമണങ്ങൾ വർധിക്കാൻ കാരണമായത്. അധികാരം പണം എന്നിവയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ വരെ നിർണയിക്കുന്നതെന്നും, ഭയം സൃഷ്ടിക്കാൻ ബോധപൂർവം ശ്രമിക്കുമ്പോൾ നിർഭയരാവുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ആൾക്കൂട്ട ഫാസിസത്തിനെതിരെ പൊതുബോധം ഉയർന്നു വരണമെന്ന് സാംസ്‌കാരിക പ്രവർത്തകൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. ഫാസിസത്തിന്റെ അവസാന ഇരയായ ജുനൈദിന്റെ കൊലപാതകത്തിലേക്ക് നയിച്ചതും ഇതാണ്. പൊതുരംഗത്തു പോലും കൂട്ടായ രീതിയിൽ അതിക്രമം വ്യാപകമായിരിക്കുകയാണ്. അരുതെന്ന് പറയുന്നതിന് പകരം അക്രമത്തോടൊപ്പം നിൽക്കുന്ന മനസ്സാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത്. അക്രമികളെ നേരിടാനായില്ലെങ്കിലും അരുതെന്ന് പറയാൻ കഴിയാതെ പോവുന്നത് ഫാസിസത്തെ വളർത്താനേ ഉപകരിക്കൂവെന്നും കെ.ഇ.എൻ പറഞ്ഞു. 
പൗരാവകാശം ഹനിക്കപ്പെടുന്ന ആധുനിക കാലത്ത് പ്രതികരിക്കേണ്ടവർ പിൻവാങ്ങുന്ന അവസ്ഥയാണുള്ളതെന്ന് കഥാകൃത്ത് പി.സുരേന്ദ്രൻ. എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും യഥാസമയം ഫാസിസത്തിനെതിരെ ഒന്നിച്ചു നിൽക്കണം. വർധിച്ചു വരുന്ന അക്രമ മനോഭാവത്തെ അനുകൂലിക്കാനുള്ള മനസ്സ് വ്യാപകമാവുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ മോഡി പൗരാവകാശങ്ങളെ ധ്വംസിക്കുന്നുണ്ട്. നിലവിൽ പരിമിതമായി അനുഭവിക്കുന്ന പൗരാവകാശം 2019 ഓടെ മുഴുവനായും ഇല്ലാതാവുന്ന തരത്തിലാണ് മോഡി സർക്കാർ മുന്നോട്ട് പോവുന്നതെന്നും പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എ. പൗരൻ അഭിപ്രായപ്പെട്ടു. 
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി സംസാരിച്ചു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതം പറഞ്ഞു. 
കുഞ്ഞാലൻകുട്ടി ഫൈസി, അസൈനാർ ഫൈസി, സുബൈർ മാസ്റ്റർ, ഫൈസൽ ഫൈസി മടവൂർ, സമദ് പെരുമുഖം, ജലീൽ ദാരിമി നടുവണ്ണൂർ, അലി അക്ബർ മുക്കം, റാഷിദ് ദാരിമി കടിയങ്ങാട്, ഖാസിം നിസാമി പേരാമ്പ്ര, മിദ്‌ലാജ് താമരശേരി, ജാബിർ കൈതപ്പൊയിൽ, സലാം ഫറോക്ക് സംബന്ധിച്ചു. നൂറുദ്ദീൻ ഫൈസി മുണ്ടുപാറ നന്ദിയും പറഞ്ഞു. 

 

Latest News