ലഖ്‌നൗ- മുത്തലാഖ് സംബന്ധിച്ച് സ്ത്രീ നൽകിയ പരാതി സ്വീകരിക്കാതെ പോലീസ് തിരിച്ചയച്ച യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു. ഇക്കഴിഞ്ഞ ആറിന് ഭർത്താവ് തന്നെ മുത്തലാഖ് ചെയ്‌തെന്നാരോപിച്ച് യു.പിയിലെ ശ്രവാസ്തി ജില്ലയിലെ സ്ത്രീയാണ് പോലീസിനെ സമീപിച്ചത്. എന്നാൽ പരാതി സ്വീകരിക്കാതെ ഇരുവരെയും ഒത്തുതീർപ്പിന് ക്ഷണിക്കുകയായിരുന്നു പോലീസ്. പരാതി നൽകിയ കാര്യമറിഞ്ഞ ഭർത്താവ് യുവതിയെ തീകൊളുത്തുകയായിരുന്നു. സയീദ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് നഫീസ് എന്നയാൾക്കെതിരെ സയീദയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇക്കഴിഞ്ഞ ആറിനാണ് മുംബൈയിൽനിന്ന് ഫോണിലൂടെ നഫീസ് സയീദയെ മുത്തലാഖ് ചൊല്ലിയത്. ഇതേതുടർന്ന് സയീദ പോലീസിനെ സമീപിച്ചു. എന്നാൽ പരാതി സ്വീകരിക്കാതെ പോലീസ് ഇവരെ തിരിച്ചയച്ചു. ഭർത്താവ് എത്തുന്നത് വരെ കാത്തിരിക്കാനായിരുന്നു പോലീസ് നിർദ്ദേശം. നേരത്തെയും ഇരുവരെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നു. കഴിഞ്ഞദിവസം മുംബൈയിൽനിന്നെത്തിയ നഫീസ് മണ്ണെണ്ണ സയീദയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സയീദയുടെ ഇളയകുട്ടിയുടെ മുന്നിൽ വെച്ചായിരുന്നു ഇത്. നഫീസിന്റെ കുടുബാംഗങ്ങളും ഇതിന് കൂട്ടുനിന്നതായി സയീദയുടെ പതാവ് റംസാൻ അലി ഖാൻ ആരോപിച്ചു. നഫീസിനെയും അയാളുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.