ന്യൂദല്‍ഹി- രണ്ടാം മോഡി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം രാജ്യത്ത് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ തുടരുന്ന സംവരണം റദ്ദാക്കലായിരിക്കും. ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.
ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കുന്ന കാര്യത്തില്‍ ആര്‍.എസ്.എസ് പദ്ധതിയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ നടപ്പിലാക്കിയത്. കശ്മീരിന്റെ കാര്യത്തില്‍ അതീവ രഹസ്യമായാണ് അമിത് ഷാ കാര്യങ്ങള്‍ നീക്കിയിരുന്നതെങ്കിലും അതിന് ഒരാഴ്ച മുമ്പ് സന്യാസിമാരുമായി നടത്തിയ സംഭാഷണത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് സൂചന നല്‍കിയിരുന്നു.
സംവരണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സൗഹാര്‍ദപൂര്‍ണമായ സംവാദം നടക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍.എസ്.എസിനു കീഴിലുള്ള ശിക്ഷാ സംസ്‌കൃതി ഉത്താന്‍ ന്യാസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നതു സംബന്ധിച്ച ജ്ഞാനോത്സവമായിരുന്നു പരിപാടി. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി (ഇഗ്നൗ) ആയിരുന്നു വേദി.
റിസര്‍വേഷനെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ അതിനെതിരെ സംസാരിക്കുന്നവരുടെ താല്‍പര്യം കൂടി കണക്കിലെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതു പോലെ സംവരണത്തെ എതിര്‍ക്കുന്നവര്‍ അനുകൂലിക്കുന്നവരുടെ വികാരം കൂടി മാനിക്കണം.
സംവരണത്തെ കുറിച്ച് ചര്‍ച്ച തുടങ്ങിയപ്പോഴൊക്കെ ശക്തമായ പ്രതികരണങ്ങളാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ സമൂഹത്തില്‍ സൗഹാര്‍ദം നിലനിര്‍ത്തിക്കൊണ്ടുളള ചര്‍ച്ചയാണ് അനിവാര്യം.
ആര്‍.എസ്.എസും ബി.ജെ.പിയും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരും വ്യത്യസ്തമാണെന്നും ഒന്നു ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം മറ്റൊന്നില്‍ അടിച്ചേല്‍പിക്കാന്‍ പാടില്ലെന്നും ആര്‍.എസ്. എസ് നേതാവ് പറഞ്ഞു. നരേന്ദ്ര മോഡി സര്‍ക്കാരില്‍ ആര്‍.എസ്.എസിനുള്ള സ്വാധീനത്തെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയിലും സര്‍ക്കാരിലും ആര്‍.എസ്.എസ് പ്രവര്‍ത്തകരുണ്ട്. അവര്‍ ആര്‍.എസ്.എസ് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കും. എന്നാല്‍ ഞങ്ങളോട് എല്ലാ കാര്യങ്ങളിലും യോജിക്കുക നിര്‍ബന്ധമില്ലെന്നും വിയോജിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു പാര്‍ട്ടി അധികാരത്തില്‍വന്നാല്‍ അവരുടെ മുന്നില്‍ ദേശീയ താല്‍പര്യമാണ് പ്രധാനം. അതുകൊണ്ടു തന്നെ ആര്‍.എസ്.എസ് കാഴ്ചപ്പാടുകളോട് ബി.ജെ.പി സര്‍ക്കാരിന് വിയോജിക്കാന്‍ അവകാശമുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.