കുവൈത്ത് സിറ്റി - കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കണ്ട്രോള് ആന്റ് ഇന്സ്പെക്ഷന് കഴിഞ്ഞ വര്‍ഷം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അഞ്ഞൂറോളം പരാതികള്‍ രജിസ്റ്റര്‍ ചെയ്തു. ഈ പരാതികളിലെല്ലാം ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കണ്ട്രോള് ആന്റ് ഇന്സ്പെക്ഷന് ചോദ്യം ചെയ്തു. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും പൗരന്മാരില് നിന്നും പോലീസുകാര്‍ക്കെതിരെ പരാതികള്‍ ലഭിച്ചു.
പോലീസുകാരുടെ ഭാഗത്തുണ്ടായ അധികാര ദുര്‍വിനിയോഗം, വ്യാജ പരാതികള്‍, പോലീസ് നിയമത്തിന് വിരുദ്ധമായ കാര്യങ്ങള്‍ക്ക് സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കല്‍, അമിത ബലപ്രയോഗം എന്നിവയെ കുറിച്ചാണ് പരാതികള്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കണ്ട്രോള് ആന്റ് ഇന്സ്പെക്ഷന് നടത്തിയ ഫീല്‍ഡ് പരിശോധനകളില്‍ പോലീസുകാരുടെയും സിവില്‍ ഉദ്യോഗസ്ഥരുടെയും പ്രൊഫഷനല്‍ ജീവനക്കാരുടെയും ഭാഗത്ത് 23,609 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. അധികാര ദുര്‍വിനിയോഗം നടത്തുകയും നിയമം ലംഘിക്കുകയും ചെയ്യുന്ന സുരക്ഷാ സൈനികരെയും ഉദ്യോഗസ്ഥരെയും കര്‍ക്കശമായി കൈകാര്യം ചെയ്യുന്നതിന് ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കണ്ട്രോള് ആന്റ് ഇന്സ്പെക്ഷന് ആഭ്യന്തര മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.