ഇരുപത് വർഷമായി കടലാമകളെ സംരക്ഷിച്ച് ഒരു ഗ്രാമം. ഇരുട്ടിന്റെ മറവിൽ കടലാമക്കുഞ്ഞുങ്ങളെ വേട്ടയാടുന്നവരെ ആട്ടിയോടിക്കാനായി അവർ ഉറങ്ങാതെയിരിക്കുന്നു. കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി കടലിലേക്കു പോകുന്നതുവരെ സ്വന്തം കുഞ്ഞുങ്ങളെന്ന പോലെ പോറ്റുന്നു. മുമ്പ് കടപ്പുറത്തു നിന്നും കടലാമയുടെ മുട്ടകൾ പെറുക്കി ഭക്ഷിച്ചിരുന്നവർ ഇന്ന് സംരക്ഷകരായി മാറി. മുട്ടയിടാൻ കരയ്ക്കു കയറുന്ന ആമകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നാട്ടുകാർ മനസ്സിലാക്കിയിരിക്കുന്നു.
ഗുരുവായൂർ ക്ഷേത്ര നഗരിക്കു സമീപം ചാവക്കാട് ബ്ലാങ്ങാട് മുതൽ വടക്ക് അകലാട് വരെ പത്തു കിലോമീറ്ററോളം ദൂരത്തിൽ നാലു കടലാമ സംരക്ഷണ സമിതികളാണുള്ളത്. ഗ്രീൻ ഹാബിറ്റാറ്റാണ് പ്രധാന കടലാമ സംരക്ഷകർ. പുത്തൻ കടപ്പുറത്തെ സൂര്യ കടലാമ സംരക്ഷണ സമിതിയാണ് മറ്റൊന്ന്. ഇരട്ടപ്പുഴ മഹാത്മാ കലാ കായിക സാംസ്‌കാരിക വേദി, ഇരട്ടപ്പുഴ ഫൈറ്റേഴ്‌സ് എന്നിവയും കടലാമ സംരക്ഷണമൊരുക്കുന്ന ചാവക്കാട്ടെ സംഘടനകളാണ്. എല്ലാ വർഷവും നവംബർ മാസം പിറന്നാൽ രാവും പകലും വ്യത്യാസമില്ലാതെ ചാവക്കാട് കടൽ തീരത്ത് ഒരു കൂട്ടം യുവാക്കളെ കാണാം. കടൽ തീരത്തെ മണലിൽ മുട്ടയിട്ടു മടങ്ങിയ കടലാമകളുടെ കാലടിപ്പാടുകൾ പിന്തുടർന്ന് കടലാമ മുട്ടയിട്ട സ്ഥലങ്ങൾ കണ്ടെത്തുകയാവും സംഘത്തിന്റെ ആദ്യ ജോലി. കടലാമക്കൂട് കണ്ടെത്തിയാൽ പിന്നെ അതിന്റെ സംരക്ഷണമായിരിക്കും അടുത്ത ജോലി. വെള്ളം കയറുന്ന മേഖലയിലാണ് കൂടെങ്കിൽ മുട്ടകൾ അവിടെ നിന്നും ശ്രദ്ധാപൂർവം കുഴിച്ചെടുത്ത് കടൽ തീരത്ത് പ്രത്യേകം തയാറാക്കിയ സുരക്ഷിതമായ സ്ഥലത്ത് വിരിയാൻ സൂക്ഷിക്കും. കടലാമക്കൂടിന്റെ സംരക്ഷണത്തിനായി വലകൾ കൊണ്ട് സംരക്ഷണ കവചമൊരുക്കും. പിന്നീട് കടലാമ വിരിഞ്ഞിറങ്ങും വരേയുള്ള ഒന്നര മാസത്തോളം രാവും പകലും സംഘാംഗങ്ങളുടെ നിരീക്ഷണത്തിലായിരിക്കും. മേൽഭാഗത്തെ മണ്ണ് താഴുന്നത് കണ്ടാണ് മുട്ടകൾ പൊട്ടി വിരിയുന്നതായി മനസ്സിലാക്കുക. മണൽനീക്കി കുഞ്ഞുങ്ങളെ കൈയിലെടുത്ത് കടൽവെള്ളം നിറച്ച ഒരു വലിയ പാത്രത്തിൽ ഇവയെ ശേഖരിക്കും. തുടർന്ന് കടൽ തിരമാലകൾക്കിടയിൽ ഒഴുക്കിവിടുകയാണ് രീതി. മുട്ടകളിൽനിന്ന് വിരിഞ്ഞിറങ്ങുന്ന ആമക്കുഞ്ഞുങ്ങൾ സൂര്യപ്രകാശം ഊർജമായി സ്വീകരിച്ചാണ് കടലിലേക്കുള്ള യാത്ര. അവസാനത്തെ കടലാമക്കുഞ്ഞിനേയും അവയുടെ ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിട്ട ശേഷമേ സംഘം കടൽ തീരം വിടാറുള്ളൂ.
ഇത്രയും വർഷത്തിനിടെ ഞങ്ങൾ ശേഖരിച്ച ആമ മുട്ടകളുടെ എണ്ണം 30,000 ലധികം വരും. അതിൽ 90 ശതമാനം മുട്ടകളും വിരിഞ്ഞു. ഭൂമിയിൽ വംശാനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കടലാമകൾ മുതിർന്നതിനു ശേഷം ഈ തീരം സന്ദർശിക്കാൻ വരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ' -ചാവക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഗ്രീൻ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറും എടക്കഴിയൂർ സീതി സാഹിബ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനുമായ എൻ ജെ ജെയിംസ് പറയുന്നു.
ചാവക്കാട് ബ്ലാങ്ങാട് മുതൽ വടക്കോട്ട് അകലാട് വരെ പത്തു കിലോമീറ്ററോളം ദൂരത്തിൽ നാലു കടലാമ സംരക്ഷണ സമിതികളാണുള്ളത്. അവയിലൊന്നാണ് എൻ ജെ ജെയിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടായ ഗ്രീൻ ഹാബിറ്റാറ്റ്. സലീം ഐ ഫോക്കസ്, ഇജാസ്, പാപ്പി, ബാദുഷ തുടങ്ങിയവരും ഗ്രീൻ ഹാബിറ്റാറ്റ് അംഗങ്ങളാണ്. 1999 ലാണ് ഗ്രീൻ ഹാബിറ്റാറ്റ് രൂപീകൃതമായത്. ചാവക്കാട് മേഖലയിൽ മുട്ടയിടാനെത്തുന്നവയിലേറെയും ഒലീവ് റിഡ്‌ലി എന്നറിയപ്പെടുന്ന കടലാമകളാണ്. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നവയാണ് ഇവയെന്ന് ജെയിംസ് പറയുന്നു. കൂടാതെ ഗ്രീൻ ടർട്ടിൽ, ഹാക്‌സ് ബിൽ വിഭാഗങ്ങളിലുളള കടലാമകളും തീരത്ത് മുട്ടയിടാനെത്താറുണ്ട്. നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് കടലാമകൾ മുട്ടയിടാനായി കരയിലേക്കെത്തുക. കടലിലാണ് ജീവിതമെങ്കിലും മുട്ടയിടാൻ കടലാമകൾ തെരഞ്ഞെടുക്കുന്നത് വളരെ സുരക്ഷിതം എന്ന് തോന്നുന്ന കടലോരപ്രദേശങ്ങളാണ്. മണലിൽ കുഴിയുണ്ടാക്കിയാണ് കടലാമകൾ മുട്ടകളിടുക. ആമ മുട്ടയിടുന്ന സ്ഥലത്തെ ആമക്കൂടെന്ന് പറയും. ഒരു കൂട്ടിൽ 150 വരെ മുട്ടകളുണ്ടാവും. മുട്ടയിട്ട ശേഷം കുഴി മണലുകൊണ്ട് മൂടി ഭദ്രമാക്കിയ ശേഷം കടലാമ കടലിലേക്ക് തന്നെ ഇഴഞ്ഞു നീങ്ങും. മുട്ടകൾ വിരിയാൻ 45 മുതൽ 60 ദിവസം വരെ നീളും. മുട്ടയിട്ടു കഴിഞ്ഞാൽ ആ പ്രദേശത്തേക്ക് കടലാമ തിരിച്ചുവരാറില്ല. അമ്മയാമയുടെ ചൂടില്ലാതെയാണ് മുട്ടകൾ വിരിയുന്നതും കുഞ്ഞാമകൾ വളരുന്നതുമെല്ലാം. സൂര്യപ്രകാശവും സൂര്യതാപവുമേറ്റാണ് മുട്ടകൾ വിരിയുക. അതേ സമയം, വിരിഞ്ഞിറങ്ങുന്ന ആമക്കുഞ്ഞുങ്ങൾ കടലിലേക്കിറങ്ങിയാൽ പിന്നീട് വളർന്ന് മുട്ടയിടാറാകുമ്പോൾ ഇതേ പ്രദേശം തന്നെ അതിനായി തെരഞ്ഞെടുക്കാറുണ്ടെന്നും എൻ.ജെ ജെയിംസ് പറയുന്നു.
ആമ മുട്ടകൾ ഭക്ഷണമായി ഉപയോഗിച്ചിരുന്ന ഗ്രാമവാസികൾക്ക് ഈ അടുത്ത കാലം വരെ ഇതൊരു വരുമാന മാർഗമായിരുന്നു. പലരും കടലാമ മുട്ടകൾ ശേഖരിച്ച് വിൽപന നടത്തിയിരുന്ന കാലം വരെയുണ്ടായി. ചില ഹോട്ടലുകളിൽ വിൽപനയും നടത്തിയിരുന്നു. ഇതുമൂലം നാൾക്കുനാൾ വിരിഞ്ഞിറങ്ങുന്ന ആമകളുടെ എണ്ണം കുറഞ്ഞു വന്നു. ആദ്യ കാലങ്ങളിൽ ആമ മുട്ടയിടുന്ന സമയത്ത് പോലും ചില സാമൂഹ്യ ദ്രോഹികൾ മുട്ടകൾ കൈക്കലാക്കാറുണ്ടായിരുന്നു. മുട്ടകൾക്ക് ആവശ്യക്കാർ ഏറെയുണ്ടായിരുന്നതിനാൽ മുട്ട വേട്ട വ്യാപകമാകാൻ കാരണമായി. മുട്ടകൾ മാന്തിയെടുത്ത് ഭക്ഷ്യയോഗ്യമാക്കിയിരുന്നവരാണ് കടലാമകളെ വംശനാശ ഭീഷണിയുടെ വക്കിലെത്തിച്ചത്. ആമ മുട്ട ഭക്ഷിച്ചാൽ ആസ്ത്മ പോലുള്ള രോഗങ്ങൾക്ക് ശമനമുണ്ടാകുമെന്ന ധാരണയും വേട്ടയാടപ്പെടാൻ കാരണമായി. കടലാമകളുടേയും മുട്ടകളുടേയും നാശം ക്രമാതീതമായ ഘട്ടത്തിലാണ് കടലാമ സംരക്ഷകരുടെ ശ്രദ്ധ കടലോരത്തെത്തിയത്. തീഗദേശ വാസികളോട് കടലാമ മുട്ട എടുക്കരുത് എന്നു പറയുന്നത് അത്ര എളുപ്പമല്ലായിരുന്നു. ഒരു പക്ഷേ കടലിൽ നിന്നും മീൻ പിടിക്കരുത് എന്ന ആജ്ഞ കേട്ട പോലെയായിരുന്നു പലരുടേയും പ്രതികരണം. കടലാമകളേയും മുട്ടയേയും വേട്ടയാടുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം ശിക്ഷാർഹമാണെന്നും നാൾക്കു നാൾ ഇവയുടെ എണ്ണം കുറഞ്ഞ് വംശനാശത്തിന്റെ വക്കിലാണെന്നും കടലാമ സംരക്ഷണ പ്രവർത്തകർ ബോധവൽക്കരണം നടത്തി. കടലാമ മുട്ടകൾ വേട്ടയാടാൻ എത്തുന്നവരെ ഇവർ കയ്യോടെ പിടികൂടി. കൂടാതെ ആമക്കൂടുകൾക്ക് ചുറ്റും സംരക്ഷണ വേലി സ്ഥാപിച്ച് മത്സ്യത്തൊഴിലാളികളെ കാവലേർപ്പെടുത്തുക കൂടി ചെയ്തു. പക്ഷേ മുട്ട വിരിഞ്ഞു പുറത്തു വന്ന കടലാമക്കുഞ്ഞുങ്ങൾ വരിവരിയായി കടലിലേക്ക് ഇറങ്ങിപ്പോകുന്ന കാഴ്ച ഏവരുടെയും മനം കുളിർപ്പിച്ചു. അതൊരു തുടക്കമായിരുന്നു. ഒരു നാടിന്റ ജൈവ സംരക്ഷണത്തിലേക്കുള്ള യാത്രയുടെ തുടക്കം. കടലാമ സംരക്ഷകർ നടത്തിയ വിപ്ലവകരമായ ശ്രമങ്ങൾ വിജയം വരിക്കുന്നതാണ് പിന്നെ കണ്ടത്. മനുഷ്യരെ കൂടാതെ കുറുക്കൻ, നായ, കീരി, ഞണ്ട് എന്നിവയും കടലാമ മുട്ടകൾക്ക് വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ആമക്കൂടുകൾക്ക് ചുറ്റും വല കെട്ടുകയും നിതാന്ത ജാഗ്രതയോടെ കാവലിരിക്കുകയും ചെയ്താണ് കടലാമ സംരക്ഷണ പ്രവർത്തകർ മുട്ടക്കള്ളൻമാരെ തുരത്തിയോടിച്ചത്.
കടലാമ സംരക്ഷണത്തിനായി നിരവധി പരിപാടികൾ ഗ്രീൻ ഹാബിറ്റാറ്റ് സംഘടിപ്പിച്ചു. പ്രചാരണ ജാഥകൾ, ബോധവൽക്കരണ ക്ലാസുകൾ, ക്യാമ്പുകൾ, ഫിലിം ഷോകൾ, വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം, ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള സെമിനാറുകൾ, സ്റ്റിക്കറുകൾ, ബ്രോഷറുകൾ, നോട്ടീസുകൾ തുടങ്ങിയവയിലൂടെ ജനങ്ങളിലേക്ക് ആശയമെത്തിച്ചു. എടക്കഴിയൂർ സീതി സാഹിബ് സ്‌കൂളിലെ രക്ഷാകർത്തൃ സംഘടനകളുടെ സഹകരണത്തോടെ അയൽ വിദ്യാലയങ്ങളിലും കടലാമ സംരക്ഷണ സന്ദേശമെത്തിച്ചു. പഞ്ചായത്തുകളുടെ സഹകരണത്തോടെ ഗ്രാമസഭകളിലും കടലാമ സംരക്ഷണം ചർച്ചാ വിഷയമായി. ഇതോടെ, കടലോരത്തെ പൗരപ്രമുഖരും വിവിധ ക്ലബ്ബുകളും സംഘടനകളും ഗ്രീൻ ഹാബിറ്റാറ്റിന്റെ ശ്രമങ്ങളിൽ പങ്കാളികളാകുകയായിരുന്നു. മേഖലയിലെ വിവിധ സ്‌കൂളുകളിൽ ആമ ക്ലബ്ബുകൾ രൂപീകരിച്ചു. കടലാമ സംരക്ഷണത്തിന് പ്രചാരണ ഉപാധിയായി ദുബായിലെ ഹൈമാഗ് കമ്യൂണിക്കേഷൻസ് ആറ് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചലച്ചിത്രം നിർമിച്ച് ഗ്രീൻ ഹാബിറ്റാറ്റിന് നൽകി. സന്ദീപ് പി ശശിധരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇതിവൃത്തം കടലാമ മുട്ട വേട്ടയാടുന്ന തീരദേശവാസി ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതും അവിടെവെച്ച് പശ്ചാത്തപിച്ച് മനം മാറ്റമുണ്ടായി. ജയിൽ വിമോചിതനായപ്പോൾ ആമ സംരക്ഷകനാകുന്നതുമായിരുന്നു. കൂടാതെ ആമകളുടെ സംരക്ഷണത്തെക്കുറിച്ച് ബസിൽ ബാനറുമായി ഹരിത സേന യാത്രയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗ്രീൻ ഹാബിറ്റാറ്റിന്റെ വേറിട്ട പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ് ഡെറാഡൂൺ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞൻ ഡോ. ബി സി ചൗധരി കടലാമകളുടെ പ്രജനന കേന്ദ്രങ്ങൾ സന്ദർശിക്കാൻ ചാവക്കാട്ടെത്തി. സംസ്ഥാനത്ത് കടലാമകളുടെ പ്രധാനപ്പെട്ട പ്രജനന കേന്ദ്രമാണ് ചാവക്കാട് തീരമെന്ന് ഡോ. ബി സി ചൗധരി പറഞ്ഞപ്പോഴാണ് അക്കാര്യം പലരും അറിഞ്ഞതു തന്നെ. ഇതോടെ ഈ തീരപ്രദേശം കടലാമ സംരക്ഷണത്തിന്റെ കാര്യത്തിൽ ദേശീയ ശ്രദ്ധ നേടി.