Sorry, you need to enable JavaScript to visit this website.

പറഞ്ഞതെല്ലാം സത്യം; വിദ്വേഷ പരാമര്‍ശങ്ങളെ ന്യായീകരിച്ച് സെന്‍ കുമാര്‍

തിരുവനന്തപുരം- ബി.ജെ.പിയുടേയും സംഘ്്പരിവാറിന്റേയും നിലപാടുകളെ പരസ്യമായി ന്യായീകരിച്ചുകൊണ്ട് വീണ്ടും മുന്‍ ഡി.ജി.പി സെന്‍കുമാര്‍. തിരുവനന്തപുരത്ത് ബി.ജെ.പി മുഖപത്രമായ ജന്മഭൂമി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തല്‍ക്കാലം രാഷ്ട്രീയപാര്‍ട്ടിയിലേക്കില്ലെന്നാണ് പറഞ്ഞതെങ്കിലും
ബി.ജെ.പി പാളയത്തിലേക്കാണെന്ന ശക്തമായ സൂചനയാണ് അദ്ദേഹം നല്‍കിത്.  സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സെന്‍കുമാര്‍ ആവര്‍ത്തിച്ചു.
 ദേശസ്‌നേഹ സംഘടനയായ ആര്‍.എസ്.എസുമായി ഐ.എസിനെ താരതമ്യപ്പെടുത്താനാവില്ലെന്ന് പറഞ്ഞ അദ്ദേഹം ബി.ജെ.പി ശക്തമായ ഉന്നയിച്ചിരുന്ന ലൗ ജിഹാദ് ഉണ്ടായിരുന്നുവെന്ന് പറഞ്ഞു.  സംസ്ഥാനത്ത് ലൗജിഹാദ് ഉണ്ടായിരുന്നന്നുവെന്നും ഐഎസുമായി ബന്ധപ്പെട്ടാണ് അത് പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ലൗജിഹാദുമായി ബന്ധപ്പെട്ട രണ്ടു കേസുകള്‍ ഹൈക്കോടതി ഡി.ജി.പിയെന്ന നിലയില്‍ ഏല്‍പിച്ചിരുന്നു. അതിനു മുമ്പുണ്ടായിരുന്ന കേസുകള്‍, അതെല്ലാം തന്നെ ഐഎസുമായി ബന്ധപ്പെട്ടതാണ്. ലൗജിഹാദ് ഇല്ലായെന്നുപറയുന്നത് പൂര്‍ണമായും ശരിയല്ല. സര്‍ക്കാരിന്റെ തന്നെ 2015 ലെ ജനനമരണ രജിസ്‌ട്രേഷന്‍  കണക്ക് പ്രകാരമാണ് മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നതായി പറഞ്ഞത്. നമുക്ക് അറിയാവുന്ന കാര്യങ്ങളാണ്, ഇത്തരം കാര്യങ്ങള്‍ ഇതിനെയെല്ലാം ബാധിക്കുന്നതാണ്. ഓരോ മതങ്ങളും അതാത് മതങ്ങളിലെ തീവ്രവാദം ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി മുഖപത്രമായ ജന്‍മഭൂമിയുടെ പരിപാടിയില്‍ പങ്കെടുത്തതിനേയും സെന്‍കുമാര്‍ ന്യായീകരിച്ചു. ഇന്ത്യഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പത്രം നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. ജന്‍മഭൂമിയുടെ പരിപാടിയില്‍ പങ്കെടുത്തതിനു നെറ്റിചുളിച്ചവരുടെ നെറ്റി ചുളിഞ്ഞുതന്നെ ഇരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നല്ലത് ആരു ചെയ്താലും അംഗീകരിക്കണം. അപ്രിത സത്യം പറയുന്നത് പലര്‍ക്കും ഇഷ്ടമല്ല. സത്യം പറയുന്നത് പലര്‍ക്കും ഭയപ്പാടുണ്ടാക്കുന്നു. അപ്രിയ സത്യങ്ങള്‍ തുറന്നുപറയരുതെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് സത്യം തന്നെയാണെന്നും സെന്‍കുമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നാണ് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവന. കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്‌ലിംകളാണെന്നായിരുന്നു അത്. മുസ്‌ലിംകളിലും നല്ലവരുണ്ടെന്നും മുസ്്‌ലിംകളെ കൊണ്ടു തന്നെ മുസ്ലിം തീവ്രവാദം നേരിടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

Latest News