കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലുണ്ടായ സാമുദായിക കലാപത്തിലെ ദൃശ്യമെന്ന പേരില്‍ ഭോജ്പുരി സിനിമയില്‍നിന്നുള്ള ദൃശ്യം പ്രചരിപ്പിച്ച ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഒരാള്‍ കൊല്ലപ്പെട്ട ബാസിര്‍ഹട്ട് കലാപത്തില്‍നിന്ന് രാഷ്ട്രീയ, വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ സംഘ്പരിവാര്‍ ശ്രമം ഊര്‍ജിതമാക്കിയിരിക്കെയാണ് ഈ സംഭവം.
കലാപ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ ഇത് 2014 ല്‍ ഇറങ്ങിയ ഔറത്ത് ഖിലോന നഹി എന്ന ഭോജ്്പരി സിനിമയിലെ ചിത്രമാണെന്ന് ആള്‍ട്ട് ന്യൂസ് പോലുള്ള വസ്തുതാന്വേഷണ വെബ്‌സൈറ്റുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ ആക്രമിക്കുന്നതിന് ഈ ചിത്രം പ്രചരിപ്പിച്ചവരുടെ കൂട്ടത്തില്‍ ബി.ജെ.പി ഹരിയാന നേതാവ് വിജേത മല്ലിക്കും ഉള്‍പ്പെടുന്നു.
സംഘര്‍ഷത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശം നടത്തിയ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും പങ്ക് ചൂണ്ടിക്കാണിച്ചിരുന്നു.
വ്യാജ ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്കു പോകും. അഭ്യൂഹങ്ങളും വര്‍ഗീയ വിദ്വേഷവും പ്രചരിപ്പിക്കുന്നവരുടെ കെണിയില്‍ വീഴാത്ത ബംഗാള്‍ ജനതയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സമാധാനം പുനസ്ഥാപിച്ചതായും അവര്‍ പറഞ്ഞു.
ഭോജ്പുരി സനിമാ ചിത്രത്തിനു പുറമെ, ബംഗ്ലാദേശില്‍നിന്നുള്ള സംഘര്‍ഷ ദൃശ്യവും പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.
പ്രവാചകനെ അവഹേളിക്കുന്ന തരത്തില്‍ ഒരു 17 കാരന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ഉയര്‍ന്ന പ്രതിഷേധമാണ് കഴിഞ്ഞ തിങ്കളാഴ്ച 24 പര്‍ഗാനാസ് ജില്ലയിലെ ബുദൂരിയ, ബാസിര്‍ഹട്ട് പ്രദേശങ്ങളില്‍നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിച്ചത്. 17 കാരനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
കുഴപ്പങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ പശ്ചിമ ബാംഗാള്‍ പോലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.