തായിഫ് - നഗരത്തിൽ അബൂബക്കർ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ഹോട്ടലിലുണ്ടായ അഗ്നിബാധയിൽ പതിനാലു പേർക്ക് പരിക്കേറ്റു. ഇക്കൂട്ടത്തിൽ പതിമൂന്നു പേർക്ക് സംഭവ സ്ഥലത്ത് റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ചികിത്സ നൽകി.
ഒരാളെ ആശുപത്രിയിലേക്ക് നീക്കി. ഈ സമയം ഹോട്ടലിലുണ്ടായിരുന്ന പതിമൂന്നു കുടുംബങ്ങളെ സിവിൽ ഡിഫൻസ് സുരക്ഷിതമായി ഒഴിപ്പിച്ചു.
അഗ്നിബാധയെക്കുറിച്ച് ഇന്നലെ രാവിലെയാണ് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് തായിഫ് സിവിൽ ഡിഫൻസ് വക്താവ് ബ്രിഗേഡിയർ നാസിർ അൽശരീഫ് പറഞ്ഞു. ആറുനില ഹോട്ടലിൽ മൂന്നാം നിലയിലെ മുറിയിലാണ് തീ പടർന്നുപിടിച്ചത്. സിവിൽ ഡിഫൻസ് അധികൃതർ രക്ഷാപ്രവർത്തനം നടത്തുകയും കൂടുതൽ സ്ഥലത്തേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി തീയണക്കുകയും ചെയ്തതായി ബ്രിഗേഡിയർ നാസിർ അൽശരീഫ് പറഞ്ഞു.