മദീന- മദീന പ്രിൻസ് മുഹമ്മദ് അന്താരാഷ്ട്ര എയർപോർട്ട് വഴി വൻതുക വിദേശത്തേക്ക് കടത്തുന്നതിനുള്ള ശ്രമങ്ങൾ കസ്റ്റംസ് പരാജയപ്പെടുത്തി. 30 ലക്ഷത്തിലേറെ റിയാലാണ് നാലു യാത്രക്കാർ ലഗേജുകളിൽ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത്. യാത്രക്കാരിൽ ഒരാളുടെ ലഗേജിനകത്ത് 9,48,300 റിയാലും രണ്ടാമത്തെ യാത്രക്കാരന്റെ പക്കൽ 6,79,000 റിയാലും മൂന്നാമത്തെ യാത്രക്കാരന്റെ ലഗേജിൽ ഒളിപ്പിച്ച നിലയിൽ 4,15,000 റിയാലും മറ്റൊരു യാത്രക്കാരൻ 10,50,000 റിയാലുമാണ് കണ്ടെത്തിയതെന്ന് മദീന എയർപോർട്ട് കസ്റ്റംസ് മേധാവി അഹ്മദ് അൽഗാംദി അറിയിച്ചു.
പണത്തിന്റെ നിയമ സാധുത തെളിയിക്കുന്നതിന് നാലു പേർക്കും സാധിച്ചില്ല. സൗദി അറേബ്യയിൽ നിന്ന് പുറത്തു പോകുന്നവരും വിദേശങ്ങളിൽ നിന്ന് രാജ്യത്തേക്ക് വരുന്നവരും സ്വർണവും പണവും ട്രാവലേഴ്‌സ് ചെക്കുകളും അടക്കം തങ്ങളുടെ പക്കലുള്ള 60,000 റിയാലും അതിൽ കൂടുതലുമുള്ള തുകയെക്കുറിച്ച് പ്രത്യേക ഫോറം പൂരിപ്പിച്ചു നൽകി മുൻകൂട്ടി കസ്റ്റംസിൽ വെളിപ്പെടുത്തണമെന്ന് പണം വെളുപ്പിക്കൽ വിരുദ്ധ നിയമം അനുശാസിക്കുന്നുണ്ട്.