കോഴിക്കോട് - ജില്ലാ ഭരണകൂടത്തിന്റെ ഹെൽപ് ഡെസ്ക് ഹരിത കേരളം മിഷനും വ്യവസായ പരിശീലന വകുപ്പ് ഐ.റ്റി.ഐ നൈപുണ്യ കർമസേനയും ഇലക്ട്രോണിക് ടെക്നിഷ്യൻസ് അസോസിയേഷനും എൻ.ഐ.ടിയും സംയുക്തമായി ചേർന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയർ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം മലബാർ ക്രിസ്ത്യൻ കോളേജിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. ജില്ലാ കലക്ടർ സീറാം സാംബശിവറാവു മുഖ്യാതിഥിയായിരുന്നു. വിവിധ കമ്പനികളുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ക്യാമ്പ്.
മലബാർ ക്രിസ്ത്യൻ കോളേജിൽ നടത്തിയ ക്യാമ്പിൽ 210 ആളുകൾ പങ്കെടുത്തു. ഇതിൽ 76 ഉപകരണങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് തിരിച്ച് കൊടുത്തു. ബാക്കിയുള്ള ഉപകരണങ്ങൾ നന്നാക്കിയ ശേഷം അതത് സർവീസ് സെന്ററുകളിൽ നിന്നും വരും ദിവസങ്ങളിൽ നൽകും. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സൗജന്യമായി റിപ്പയർ ചെയ്യുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് വന്ന പ്രമുഖ കമ്പനികളുൾപ്പെടെയുള്ള എല്ലാവരെയും എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് മേയർ പറഞ്ഞു.
പ്രളയത്തിൽ കേടുപാടുകൾ വന്ന മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രാഥമിക അറ്റകുറ്റപ്പണികൾ നിർവഹിക്കുന്നതിനാണ് ഹരിത കേരളം മിഷനും ഐ റ്റി ഐകളിലെ നൈപുണ്യ കർമ സേനയുമായി ചേർന്ന് റിപ്പയർ ക്യാമ്പുകൾ ആരംഭിക്കുന്നതിന് തീരുമാനിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരം മറ്റ് സ്ഥാപനങ്ങളും കമ്പനികളും സംഘടനകളും ഈ പ്രവർത്തനത്തിൽ പങ്കാളിയായി. ക്യാമ്പിലെ പ്രവർത്തകർക്ക് ഭക്ഷണം നൽകി മാർവാഡി അസോസിയേഷനും മുന്നോട്ടു വന്നു. ഹരിത കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ പി. പ്രകാശ് പദ്ധതി വിശദീകരിച്ച് സ്വാഗതം പറഞ്ഞു. ഹെൽപ് ഡെസ്ക് കോർഡിനേറ്റർമാരായ യു.പി. ഏകനാഥൻ, എനർജി മാനേജ്മെന്റ് സെന്റർ കോർഡിനേറ്റർ ഡോ. എൻ. സിജേഷ്, മലബാർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡി.പി ഗോഡ് വിൻ സാംരാജ്, ഗ്രീൻ എൺവയോൺ സംഘടനയുടെ പ്രമോദ് മണ്ണടത്ത് സംസാരിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രോണിക് സർവീസ് ടെക്നിഷ്യൻസ് അസോസിയേഷൻ പ്രസിഡന്റ് എ സുന്ദരൻ, ഹരിത കേരളം ജില്ലാ മിഷൻ റിസോഴ് പേഴ്സൺമാരായ രാജേഷ്, നിരഞ്ജന തുടങ്ങിയവരും പങ്കെടുത്തു. ജില്ലയിലെ ഗവൺമെന്റ് ഐ.റ്റി.ഐകളുടെ നേതൃത്വത്തിൽ മാളിക്കടവ് ഐടിഐ, ഫറോക്ക് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഫറോക്ക് ഗവ. ഗണപത് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലും, കാരന്തൂർ മർക്കസ് ഐ.റ്റി.ഐയുടെ നേതൃത്വത്തിൽ കുന്ദമംഗലം പഞ്ചായത്തിന്റെ സഹകരണത്തോടെ കുന്ദമംഗലം ഹയർ സെക്കണ്ടറി സകൂൾ എന്നിവിടങ്ങളിലുമാണ് നിലവിൽ ക്യാമ്പ് നടക്കുന്നത്. ഓഗസ്റ്റ് 18നും ഇവിടെ ക്യാമ്പ് ഉണ്ടായിരിക്കും.
വടകര ഏറാമല കമ്യൂണിറ്റി ഹാളിൽ ഓഗസ്റ്റ് 18,19,20 തീയതികളിൽ വടകര ഐ.റ്റി.ഐയുടെ നേതൃത്വത്തിൽ വടകര മുനിസിപ്പാലിറ്റിയുടെയും ഏറാമല പഞ്ചായത്തിന്റെയും സഹകരണത്തോടെ ക്യാമ്പ് നടക്കും. 21 ന് ഒളവണ്ണ പഞ്ചായത്തിന്റെ സഹായത്തോടെ പഞ്ചായത്ത് ഓഫീസ് ഹാളിൽ ക്യാമ്പ് ആരംഭിക്കും. പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരികൾ ആവശ്യപ്പെട്ടാൽ ഹരിത കേരള മിഷൻ മുഖേന അതത് സ്ഥലങ്ങളിൽ ക്യാമ്പുകൾ നടത്തും. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സണൻമാരും യങ് പ്രൊഫഷനൽസുകളുമാണ് വിവിധ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ അതാത് സ്ഥാപനങ്ങളുമായി ചേർന്ന് ഏകോപിക്കുന്നത്.
ചാത്തമംഗലം കെ എം സി ടി പോളിടെക്നിക്കുമായി സഹകരിച്ച് മാവൂർ, ചാത്തമംഗലം ഏരിയയിലും പ്രളയ ബാധിതരായവർക്കായി ക്യാമ്പുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കേടുപാടുകൾ സംഭവിച്ച ടിവി, ഫ്രിഡ്ജ് എന്നിവ നന്നാക്കുന്നതിന് ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ക്യാമ്പിലുള്ള കമ്പനികളുടെ ടെക്നിഷ്യൻമാർ വീടുകളിൽ ചെന്ന് കേടുപാടുകൾ തീർക്കും. പ്രളയ ബാധിത പ്രദേശത്തെ ജനങ്ങളുടെ സൗകര്യം കണക്കിലെടുത്താണ് ഈ സേവനം ജില്ലാ ഭരണകൂടവും ഹരിത കേരളം മിഷനും ഏർപ്പെടുത്തുന്നത്.