തെഹ്‌റാൻ- ജിബ്രാൾട്ടർ സുപ്രീം കോടതി നിർദേശ പ്രകാരം കപ്പൽ വിട്ടു നൽകിയ നടപടിക്കു പിന്നാലെ കപ്പൽ പിടിച്ചെടുക്കാൻ അമേരിക്ക നിർദേശം നൽകി. അമേരിക്കൻ നീതിന്യായ വകുപ്പാണ് കപ്പൽ പിടിച്ചെടുക്കാൻ നിർദേശം നൽകിയത്. കപ്പലും കപ്പൽ കമ്പനിയും രാജ്യാന്തര സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ചുവെന്നും കാണിച്ചാണ് വിവിധ ആരോപണങ്ങൾ ഉന്നയിച്ച് കപ്പൽ പിടിച്ചെടുക്കാൻ നിർദേശം നൽകിയത്. ടാങ്കറും അതിലുള്ള എണ്ണയും പിടിച്ചെടുക്കാനാണ് നിർദേശം. പാരഡൈസ് ഗ്ലോബല്‍ ട്രേഡിങ് എന്ന ഇറാനിയന്‍ കമ്പനിയുടെ പേരില്‍ ഒരു അമേരിക്കന്‍ ബാങ്കിലുള്ള 995,000 ഡോളര്‍ മരവിപ്പിക്കാനും ഉത്തരവിലുണ്ട്.
രണ്ടു ദിവസം മുമ്പാണ് ജിബ്രാൾട്ടർ കോടതി ഇറാൻ കപ്പലായ ഗ്രേയ്‌സ് 1 വിട്ടു കൊടുക്കാൻ വിധി പുറപ്പെടുവിച്ചത്. കപ്പൽ വിട്ടു നൽകരുതെന്ന് ആവശ്യപ്പെട്ടു അമേരിക്ക നൽകിയ അപേക്ഷ നിരസിച്ചാണ് ജിബ്രാൾട്ടർ കോടതി കപ്പൽ വിട്ടു നൽകാൻ ഉത്തരവിട്ടത്. സംഭവം അമേരിക്കക്ക് തിരിച്ചടിയാണെന്ന വാർത്തകൾ പുറത്തു വരുന്നതിനിടെയായാണ് കപ്പൽ പിടിച്ചെടുക്കാൻ യു എസ് ഫെഡറൽ കോടതി വിധി പുറപ്പെടുവിച്ചത്. 2.1 മില്യൻ ബാരല്‍ എണ്ണയുമായി പോയിരുന്ന ഗ്രേസ് 1 കപ്പൽ ജൂലൈ നാലിനാണ് പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ വിലക്കു ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയി എന്നാരോപിച്ചാണ് കപ്പൽ ബ്രിട്ടൻ പിടികൂടിയത്.