ന്യൂദല്‍ഹി- കശ്മീരില്‍ പലയിടങ്ങളിലായി അര ലക്ഷത്തോളം ലാന്‍ഡ് ലൈന്‍ ഫോണ്‍ കണക്ഷനുകള്‍ പുനസ്ഥാപിച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. 35 പോലീസ് സ്റ്റേഷന്‍ പരിധികളിലും നിയന്ത്രങ്ങള്‍ക്ക് ഇളവ് നല്‍കിയതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രണ്ടാഴ്ചയ്ക്കു ശേഷമാണ് ശനിയാഴ്ച രാവിലെ ഭാഗികമായ ഫോണ്‍ ബന്ധം പൂര്‍വസ്ഥിതിയിലാക്കിയതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. അതേസമയം നൂറിലേറെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുള്ള കശ്മീരില്‍ 17 എക്‌സ്‌ചേഞ്ചുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മധ്യകശ്മീരിലെ ബുധ്ഗാം, സോനമാര്‍ഗ്, മാനിംഗം മേഖലകളിലും വടക്കന്‍ കശ്മീരിലെ ഗുരെസ്, താങ്മാര്‍ഗ്, ഉറി കെരാന്‍ കര്‍ന, താങ്ധര്‍ എന്നിവിടങ്ങളിലും ശ്രീനഗറിലെ സിവില്‍ ലൈന്‍സ്, കന്റോണ്‍മെന്റ്, എയര്‍പോര്‍ട്ട് മേഖലകളിലുമാണ് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. ജമ്മുവിലെ അഞ്ചു ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചിട്ടുണ്ട്. ടുജി ഇന്റര്‍നെറ്റ് കണക്ഷനാണ് ഇവിടെ ലഭിക്കുക.
ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.