ഹൈദരാബാദ്- ബന്ധുവായ യുവാവിനെ പ്രണയിച്ച് ഒളിച്ചോടിയ പെണ്‍കുട്ടിയെ ഗ്രാമത്തിലെ പ്രമാണി പരസ്യ വിചാരണ ചെയ്ത് പൊതിരെ തല്ലുന്ന വിഡിയോ വൈറലായി. ആന്ധ്ര പ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഒരു കൂട്ടം ആളുകള്‍ നോക്കി നില്‍ക്കെ ഗ്രാമ മുഖ്യന്‍ തല്ലിച്ചതച്ചത്. 20കാരനായ യുവാവമായുള്ള ബന്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ശിക്ഷ. ഒളിച്ചോടിയ രണ്ടു പേരേയും പിടികൂടി തിരിച്ചെത്തിച്ചായിരുന്നു ഇത്. ബുധനാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. ആള്‍ക്കൂട്ടത്തിനു മധ്യത്തില്‍ തല താഴ്ത്തിയിരിക്കുന്ന പെണ്‍കുട്ടിയെ നാട്ടുപ്രമാണി ചോദ്യം ചെയ്യുന്നതാണ് ദൃശ്യം. ഇതിനിടെ പെണ്‍കുട്ടി പറഞ്ഞ മറുപടി കേട്ട് ഇയാള്‍ പൊതിരെ തല്ലാന്‍ തുടങ്ങുന്നതും വിഡിയോയിലുണ്ട്. ആദ്യം വെറും കൈ കൊണ്ടാണ് അടി തുടങ്ങിയത്. പിന്നീട് വടിയെടുക്കുകയായിരുന്നു.
സംഭവത്തില്‍ ആരും പരാതി നല്‍കാത്തതിനെ തുടര്‍ന്ന് കേസെടുത്തിട്ടില്ലെന്ന് അനന്തപൂര്‍ ജില്ലാ പോലീസ് മേധാവി ബി യേശുബാബു പറഞ്ഞു. ഗ്രാമ മുഖ്യനെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ ആരും മുന്നോട്ടു വരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. തങ്ങള്‍ക്കു വേണ്ടിയാണ് ഗ്രാമ മുഖ്യന്‍ വിഷയത്തില്‍ ഇടപെട്ടതെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞതെന്നും പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ നേരിട്ടു കണ്ട് അന്വേഷണം നടത്താന്‍ വനിതാ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് പരാതി ഉണ്ടോ എന്നറിയാനാണിത്. 20കാരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയാല്‍ യുവാവിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് പോലീസ് പറഞ്ഞു. വേണ്ടി വന്നാല്‍ പട്ടിക ജാതി, വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.