ന്യൂദല്‍ഹി- ബാങ്കോക്ക് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ആവശ്യമായ വഴി രേഖകള്‍ എടുക്കാന്‍ മറന്ന് പറന്നുയര്‍ന്ന ഗോ എയര്‍ വിമാനം വഴിമധ്യേ യാത്ര നിര്‍ത്തി ദല്‍ഹിയില്‍ തന്നെ തിരിച്ചിറക്കി. പറന്നുയരുന്നതിന് മുമ്പ് നിര്‍ബന്ധമായും വിമാനത്തില്‍ സൂക്ഷിച്ചിരിക്കേണ്ട അപ്രോച്ച്, നാവിഗേഷന്‍ ചാര്‍ട്ടുകള്‍ എടുക്കാന്‍ ബജറ്റ് വിമാന കമ്പനിയായ ഗോ എയര്‍ അധികൃതര്‍ മറന്നു പോയതാണ് കാരണം. 146 യാത്രക്കാരുമായി ദല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന് ഏറെ ദൂരം പിന്നിട്ട ശേഷമാണ് ഗോ എയര്‍ എ320 നിയോ വിമാനത്തിലെ ജീവനക്കാര്‍ ഈ ചാര്‍ട്ടുകള്‍ വിമാനത്തിലില്ലെന്ന് തിരിച്ചറിഞ്ഞത്. ഇറങ്ങാന്‍ പോകുന്ന വിമാനത്താവളത്തിലെ വഴികാട്ടികളാണ് ഈ രേഖകള്‍.
ഗോ എയര്‍ ഈയിടെ സ്വന്തമാക്കിയ ഈ വിമാനം ഇന്ത്യയ്ക്കകത്ത് ആഭ്യന്തര സര്‍വീസിന് ഉപയോഗിച്ചു വരുന്നതായിരുന്നു. ബാങ്കോക്കിലേക്ക് സര്‍വീസ് നടത്തിയിരുന്ന വിമാനം അറ്റകുറ്റപ്പണിക്കായി മാറ്റിയതിനെ തുടര്‍ന്നാണ് ഈ വിമാനം ബാങ്കോക്കിലേക്ക് രാജ്യാന്തര സര്‍വീസിനായി ഉപയോഗിച്ചത്. ഇതിനിടെ ഈ വിമാനത്തിലെ നാവിഗേഷന്‍ ചാര്‍ട്ടുകള്‍ അപ്‌ഡേറ്റു ചെയ്യാന്‍ വിട്ടു പോയതാണ് അമളിക്കിടയാക്കിയതെന്ന് ഗോ എയര്‍ സമ്മതിച്ചു. സുരക്ഷ കണക്കിലെടുത്ത് പൈലറ്റ് വിമാനം ദല്‍ഹിയിലേക്കു തന്നെ തിരികെ പറത്തുകയായിരുന്നെന്നും കമ്പനി അറിയിച്ചു. ദല്‍ഹിയിലിറക്കിയ വിമാനം പിന്നീട് നാവിഗേഷന്‍ ചാര്‍ട്ടുകള്‍ അപ്‌ഡേറ്റ് ചെയ്ത ശേഷം ഇതേ യാത്രക്കാരുമായി ബാങ്കോക്കിലേക്ക് പറക്കുകയും ചെയ്തു.