Sorry, you need to enable JavaScript to visit this website.

സയ്യിദ് അക്ബറുദ്ദീന്‍ സൗഹൃദ ഹസ്തം നീട്ടി; പാക്കിസ്ഥാന്‍ റിപ്പോര്‍ട്ടര്‍മാര്‍ നിശബ്ദരായി-VIDEO

യുനൈറ്റഡ് നേഷന്‍സ്- പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തകര്‍ക്ക് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്റെ സൗഹൃ ഹസ്തം. കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ ഇന്ത്യയുടെ നടപടി ചര്‍ച്ച ചെയ്ത യു.എന്‍ രക്ഷാസമിതി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് സംഭവം.
ചൈനയുടേയും പാക്കിസ്ഥാന്റേയും പ്രതിനിധികള്‍ സംസാരിച്ച ശേഷമാണ് അക്ബറുദ്ദീന്‍ തുടങ്ങിയത്. മൂന്ന് പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ആദ്യം അവസരം നല്‍കുകയായിരുന്നു.
പാക്കിസ്ഥാനുമായി എപ്പോഴാണ് നിങ്ങള്‍ ചര്‍ച്ച തുടങ്ങുകയെന്ന് പാക് മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ ചോദിച്ചപ്പോള്‍ ഉടന്‍ തന്നെ അദ്ദേഹം വേദിയില്‍നിന്ന് എഴുന്നേറ്റ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ അടുത്തേക്ക് വരികയായിരുന്നു.

നിങ്ങളെ ഹസ്തദാനം ചെയ്തുകൊണ്ട് തുടങ്ങാന്‍ അനുവദിക്കൂ എന്നു പറഞ്ഞു കൊണ്ട് അദ്ദേഹം മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും കൈ നല്‍കി.  ഔപചാരികത വിട്ടുകൊണ്ടുള്ള അക്ബറുദ്ദീന്റെ നടപടി പാക് മാധ്യമ പ്രവര്‍ത്തകരെ നിശബ്ദരാക്കുകയും നിറഞ്ഞ പത്രസമ്മേളന വേദിയില്‍ ചിരി പടര്‍ത്തുകയും ചെയ്തു.
സിംല കരാറിനോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഇന്ത്യ സൗഹൃദ ഹസ്തം നീട്ടിക്കഴിഞ്ഞുവെന്നും പാക്കിസ്ഥാന്റെ ഭാഗത്തുനിന്നാണ് ഇനി പ്രതികരണം ഉണ്ടാകേണ്ടതെന്നും സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. കശ്മീര്‍ പൂര്‍ണമായും ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

 

Latest News